കളമശ്ശേരി സ്ഫോടന കേസ്: സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി സന്ദേശം

കൊച്ചി: കളമശ്ശേരി സ്ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. ഈ മാസം 12ന് രാത്രി വാട്സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്.

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണി സന്ദേശത്തിലുണ്ട്. കേസില്‍ സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും മലേഷ്യന്‍ നമ്പറില്‍ നിന്നു വന്ന ഭീഷണി സന്ദേശത്തില്‍ പറയുന്നു.

സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2023 ഒക്ടോബർ 29ന് രാവിലെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ എട്ട് പേരാണ് മരിച്ചത്.

സ്‌ഫോടനത്തിൽ രണ്ടു പേർ സംഭവസ്ഥലത്തും ആറുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 45 ഓളം പേർക്ക് പരിക്കേറ്റു. കേസിൽ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണ് ഏക പ്രതി. കേസിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ്, 3578 പേജുള്ള കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു.

Previous Post Next Post