വിയറ്റ്‌നാം യുദ്ധ പ്രതീകം; 'നാപാം പെണ്‍കുട്ടി'യുടെ ഫോട്ടോ എടുത്തത് അജ്ഞാതൻ! നിക്ക് ഊട്ടിന്റെ പേര് നീക്കി

ആംസ്റ്റർഡാം: വിയറ്റ്‌നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെൺകുട്ടിയുടെ ഫോട്ടോഗ്രാഫിൽ നിന്നു നിക്ക് ഊട്ടിന്റെ പേര് വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷൻ ഒഴിവാക്കി. പകരം ഫോട്ടോഗ്രാഫർ ആരെന്ന് അറിയില്ല എന്നെഴുതിച്ചേർത്തു. ചിത്രമെടുത്തത് നിക്ക് ഊട്ട് അല്ലെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.


യുഎസ് വാർത്താ ഏജൻസിയായ എപിയുടെ ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഊട്ടിന് 1973ൽ വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയർ നേടിക്കൊടുത്ത ചിത്രമാണിത്. 1972 ജൂണിലാണ് എപി ചിത്രം പ്രസിദ്ധീകരിച്ചത്.

എന്നാൽ എൻബിസി ചാനലിന്റെ ഡ്രൈവറായിരുന്ന ഗുയെൻ താൻ ഗെയാണ് ഫോട്ടോ പകർത്തിയതെന്നു ഈ വർഷം ജനുവരിയിൽ ഇറങ്ങിയ ദി സ്ട്രിങ്ങർ എന്ന ഡോക്യുമെന്ററി അവകാശപ്പെട്ടു. 20 ഡോളറിനു ഗുയെൻ താൻ ഗെ എപിയ്ക്കു ഫോട്ടോ വിൽക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി.


ഫോട്ടെയെടുത്ത സ്ഥലം, അകലം, അന്നേ ദിവസം ഉപയോഗിച്ച ക്യാമറ എന്നിവ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിക്ക് ഊട്ട് ആകില്ല അതെടുത്തത് എന്നാണ് വേൾഡ് പ്രസ് ഫോട്ടോയുടെ വിലയിരുത്തൽ. എന്നാൽ ഫോട്ടോയെടുത്തത് താൻ തന്നെയാണെന്നാണ് നിക്ക് ഊട്ടിന്റെ അവകാശവാദം.

Previous Post Next Post