"കോഹ്ലി കാലത്തിന്" വിരാമം; താരം ടെസ്റ്റിൽ നിന്ന് വിരമിച്ചു



മുംബൈ: സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് മതിയാക്കി ദിവസങ്ങള്‍ക്കുള്ളിലാണ് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്.

ടെസ്റ്റ് മതിയാക്കാനുള്ള ആ​ഗ്രഹം കഴിഞ്ഞ ​ദിവസം അദ്ദേഹം ബിസിസിഐയെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിരമിക്കല്‍ തീരുമാനം എടുത്താല്‍ മതിയെന്നു ബിസിസിഐ അദ്ദേഹത്തോടു ആവശ്യടുകയും ചെയ്തു. എന്നാല്‍ അതൊന്നും അദ്ദേഹം പരിഗണിച്ചില്ല.

'കഴിഞ്ഞ 14 വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ ഈ ബാഗി ബ്ലൂ ധരിക്കുന്നു. ഈ ഫോര്‍മാറ്റാണ് എന്നെ രൂപപ്പെടുത്തിയത്. ഇത്ര കാലം നീണ്ട യാത്ര പ്രതീക്ഷിച്ചതല്ല. ജീവിത പാഠങ്ങള്‍ പോലും ടെസ്റ്റ് ഫോര്‍മാറ്റ് എന്നെ പഠിപ്പിച്ചു. വെള്ള വസ്ത്രം ധരിച്ചു കളിക്കുമ്പോള്‍ ആഴത്തിലുള്ള ചില നിമിഷങ്ങള്‍ അനുഭവപ്പെടാറുണ്ട്. ആ ഓര്‍മകള്‍ എക്കാലവും ഉള്ളില്‍ നിലനില്‍ക്കും.'

'ഈ ഫോര്‍മാറ്റില്‍ നിന്നു മാറി നില്‍ക്കുന്നത് എളുപ്പമല്ല. പക്ഷേ ഇപ്പോള്‍ അതു ശരിയായ സമയമാണ്. എന്റെ കഴിവിന്റെ എല്ലാം ടെസ്റ്റ് ഫോര്‍മാറ്റിനായി ഞാന്‍ സമര്‍പ്പിച്ചു. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത അത്രയും തിരികെ കിട്ടി. നിറഞ്ഞ മനസോടെയാണ് മടങ്ങുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും ഞാന്‍ ടെസ്റ്റ് കരിയറിനെ തിരിഞ്ഞു നോക്കുക'- കോഹ്‌ലി വിരമിക്കല്‍ തീരുമാനം അറിയിച്ച് ഇന്‍സ്റ്റയില്‍ കുറിച്ചു.

ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനായാണ് കോഹ്‌ലി വിരമിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം കോഹ്‌ലിയാണ്.

123 ടെസ്റ്റില്‍ നിന്നു 9,230 റണ്‍സുമായാണ് പടിയിറക്കം. 770 റണ്‍സ് മാത്രമാണ് താരത്തിനു 10000 ടെസ്റ്റ് റണ്‍സിലേക്ക് വേണ്ടിയിരുന്നത്. 46.85 ആവറേജില്‍ 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും താരം നേടി. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

Previous Post Next Post