'ഞങ്ങള്‍ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ വേദിയിലും' എന്ന് റിയാസ്; 'നിങ്ങളുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ'യെന്ന് രാഹുല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പരിപാടിയുടെ ഉദ്ഘാടനത്തിന്റെ സദസ്സില്‍ നിന്നുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ചത്.

'ഞങ്ങള്‍ സദസ്സിലുണ്ട്. രാജീവ് ചന്ദ്രശേഖര്‍ വേദിയിലും. @ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്' എന്ന തലക്കെട്ടിലാണ് മന്ത്രി മുഹമ്മദ് റിയാസ് ചിത്രം ഷെയര്‍ ചെയ്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് വേദിയില്‍ സീറ്റ് അനുവദിച്ചതിനെ പരിഹസിച്ചുകൊണ്ടാണ് മന്ത്രി റിയാസിന്റെ പോസ്റ്റ്.

മന്ത്രി മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് പ്രതികരണവുമായി കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. 'നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ !!". എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം. നേരത്തെ ഉദ്ഘാടന വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന് മാത്രം സീറ്റ് അനുവദിച്ചതിനെ മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചിരുന്നു.

Previous Post Next Post