ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നിര്‍ദേശം. ജി സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നടന്നത് ഗുരുതരമായ നിയമലംഘനമാണ്. കേസെടുത്ത് അന്വേഷണം നടത്താന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന വകുപ്പ് പ്രകാരം കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ നിർദേശം നൽകിയിട്ടുള്ളത്. ആലപ്പുഴയിൽ എൻജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്.

1989ൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. താൻ ആയിരുന്നു അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സർവീസ് സംഘടന അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു. ഞങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും പ്രശ്‌നമില്ലെന്നും ജി സുധാകരൻ പറഞ്ഞു.

Previous Post Next Post