ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങിയശേഷം നാളെ രാവിലെ 10.15നു ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും.
തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.
ഇന്ത്യന്‍ കണ്ടെയ്‌നര്‍ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമാണ് കൈകാര്യം ചെയ്തിരുന്നതെന്നും വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് രാജ്യത്തിനുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സജ്ജമാകുന്നതോടെ കൊളംബോ തുറമുഖം കൈകാര്യംചെയ്ത നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്മെന്റ് കാര്‍ഗോയും വിഴിഞ്ഞത്തെത്തും. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന് വര്‍ഷം 15 ലക്ഷം ടിഇയു കണ്ടെയ്നര്‍ കൈകാര്യശേഷിയുണ്ട്. 2024 ജൂലൈ 11 മുതല്‍ ട്രയല്‍ റണ്ണും ഡിസംബര്‍ മൂന്ന് മുതല്‍ കൊമേഴ്സ്യല്‍ ഓപ്പറേഷനും നടക്കുന്നു ഇതിനകം 283 കപ്പലുകളെത്തി. ആറ് ലക്ഷം കണ്ടെയ്നര്‍ കൈകാര്യംചെയ്തു.
മെയ് ഒന്നിന് എംഎസ് എസി സെലസ്റ്റീനോ മറെ സ്‌കാ എന്ന കൂറ്റന്‍ മദര്‍ഷിപ്പാകും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുക. പുറംകടലില്‍ എത്തിയ കപ്പല്‍ വ്യാഴാഴ്ച ബര്‍ത്തിലടുപ്പിക്കും. 24,116 ടിഇയു കണ്ടയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 399 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട്.