കോഴിക്കോട്: കേരളത്തിൽ നിർമാണം പുരോഗമിക്കുന്ന ആറുവരി പാതയായ ദേശീയപാത-66 ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനം ഉണ്ടാകില്ല. ഇക്കാര്യം വ്യക്തമാകുന്ന മുന്നറിയിപ്പ് ബോർഡുകൾ പണി പൂർത്തിയായ ഭാഗങ്ങളിൽ സ്ഥാപിച്ച് തുടങ്ങി. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, ട്രാക്ടർ, കാൽനടയാത്രക്കാർ എന്നിവർ ദേശീയ പാത ഉപയോഗിക്കരുത് എന്നാണ് സൂചനാ ബോർഡുകൾ പറയുന്നത്.
രാജ്യത്തെ അതിവേഗ പാതകളിൽ നിലവിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല. ഇതേ സാഹചര്യമാണ് ദേശീയ പാത 66 ലും ഉണ്ടാകുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ദേശീയ പാതയിൽ വിലക്കുള്ള വാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിക്കേണ്ടിവരും.
അതേസമയം, കേരളത്തിൽ ദേശീയ പാത അറുപത് മീറ്ററിൽ നിന്നും 45 മീറ്ററായി ചുരുക്കി നിർമിച്ചപ്പോൾ സർവീസ് റോഡുകളും പാതകൾക്കിടയിലെ പ്രദേശവുമാണ് ചുരുങ്ങിയത്. ഇതിനൊപ്പം നിയന്ത്രണം കൂടി നടപ്പാകുന്ന സാഹചര്യത്തിൽ സർവീസ് റോഡുകളിൽ തിരക്ക് വർധിച്ചേക്കും എന്നാണ് വിലയിരുത്തൽ.
19 സ്ട്രെച്ചുകളായാണ് കാസർകോട് -തിരുവനന്തപുരം ദേശീയപാത 66 ന്റെ നിർമാണം പുരോഗമിക്കുന്നത്. തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് റീച്ചുകളിൽ മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. ഇവിടങ്ങളിലാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. 400 മേൽപാലങ്ങളും അടിപ്പാതകളും ഉൾപ്പെടുന്ന കാസർകോട് -തിരുവനന്തപുരം ദേശീയപാത 57815 കോടി രൂപ ചെലവിട്ട് ആറുവരിയായി സിഗ്നലുകളില്ലാതെയാണ് നിർമിക്കുന്നത്.