സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അല്പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വിഴിഞ്ഞത്തെത്തി. പാങ്ങോട് മിലിട്ടറി ക്യാംപില്‍നിന്നാണു ഹെലികോപ്റ്റല്‍ മോദി വിഴിഞ്ഞത്തേക്കു പോയത്.
അതിനിടെ തുറമുഖം കമ്മിഷനിങ്ങിനു തൊട്ടുമുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പ്രതിപക്ഷ നേതാവ് വിഡി സതീശന് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. വിഴിഞ്ഞം തുറമുഖത്തെപ്പറ്റി 2015 ജൂണ്‍ 8ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് സതീശന് പോസ്റ്റ് ചെയ്തത്. ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് കുറിച്ചാണ് സതീശന് ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പങ്കുവച്ചത്.
'ഉമ്മന്‍ ചാണ്ടി ഒരു കല്ല് മാത്രം ഇട്ടെന്ന സിപിഎം പ്രചാരണം പച്ചക്കള്ളം'; പുതുപ്പള്ളിയിലെത്തി വിന്‍സെന്റ്, പ്രാര്‍ഥനയോടെ വിഴിഞ്ഞത്തേക്ക്ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും സതീശന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോര്‍ട്ട് ഓപ്പറേഷന് സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, സജി ചെറിയാന്, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എഎ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ടാകും.