തൈറോയ്ഡ് സംബന്ധങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഇന്ത്യയിൽ ഇന്ന് പകർച്ചവ്യാധി പോലെ വ്യാപിച്ചിരിക്കുകയാണ്. ഏതാണ്ട് 42 ദശലക്ഷം ആളുകളാണ് രാജ്യത്ത് തൈറോയ്ഡ് രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നത്. നേരത്തെ കണ്ടെത്തിയാൽ രോഗം ഭേദമാക്കാമെങ്കിലും രോഗലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നത് രോഗാവസ്ഥ വഷളാക്കാനും ആരോഗ്യ സങ്കീർണതകൾ വർധിക്കാനും കാരണമാകുന്നു.
തൈറോയ്ഡ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിന് എല്ലാ വർഷവും മെയ് 25 ന് ലോക തൈറോയ്ഡ് ദിനം ആചരിക്കുന്നു. തൈറോയ്ഡ് രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സയ്ക്കും ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ തൈറോയ്ഡ് ദിനത്തിൻറെ പ്രമേയം.
കഴുത്തിൽ ചിത്രശലഭ ആകൃതിയിൽ കാണപ്പെടുന്ന തൈറോയ്ഡ് എന്ന ഈ ചെറിയ ഗ്രന്ഥി ഊർജ്ജം, ഉപാപചയം, ഹോർമോണുകൾ എന്നിവയെ നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാകുമ്പോഴോ അമിതമായി പ്രവർത്തിക്കുമ്പോഴോ തകരാറുകൾ സംഭവിക്കുന്നു. രണ്ട് അവസ്ഥകളും നിങ്ങളുടെ മാനസികാവസ്ഥയെയും ഭാരത്തെയും ഊർജ്ജത്തെയും ഹൃദയാരോഗ്യത്തെയും പോലും ബാധിച്ചേക്കാം.
തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഒട്ടുമിക്ക എല്ലാ അവയവങ്ങളെയും ശരീരത്തിനുള്ളിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. ഹാഷിമോട്ടോസ് അല്ലെങ്കിൽ ഗ്രേവ്സ് രോഗം, അയഡിൻ കുറവ്, തൈറോയ്ഡ് നോഡ്യൂളുകൾ തുടങ്ങിയ ഓട്ടോഇമ്മ്യൂൺ ഡിസോർഡേഴ്സ് എന്നിവയാണ് തൈറോയ്ഡിന് സാധാരണഗതിയിൽ കാരണമാകുന്നത്. ലക്ഷണങ്ങൾ ഗുരുതരമാകുന്നതുവരെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തൈറോയ്ഡ് ആരോഗ്യം പിന്നീട് വഷളാകും. പലർക്കും രോഗലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ടെങ്കിലും വർഷങ്ങളോളം രോഗനിർണയം നടത്താതെ തുടരും. ക്ഷീണം, ശരീരഭാരത്തിലെ വ്യത്യാസങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ മറ്റ് അവസ്ഥകളായി എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.
തൈറോയ്ഡ് സംബന്ധ ആരോഗ്യ പ്രശ്നങ്ങൾ
ഹൈപ്പോതൈറോയ്ഡിസം
തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുമ്പോൾ അല്ലെങ്കിൽ മതിയായ അളവിൽ ഹോർമോൺ ഉൽപാദിപ്പിക്കാതെ വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡിസം എന്ന അവസ്ഥ ഉണ്ടാകുന്നത്. ക്ഷീണം, ശരീരഭാരം കൂടുക, തണുപ്പും കുളിരും, വരണ്ട ചർമം, മലബന്ധം, വിഷാദം എന്നിവ ഹൈപ്പോതോറോയ്ഡിസത്തിന്റെ ഭാഗമായി പ്രകടമാകാറുണ്ട്.
ഹൈപ്പർതൈറോയ്ഡിസം
തൈറോയ്ഡ് ഗ്രന്ഥികൾ കൂടുതൽ പ്രവർത്തിക്കുമ്പോൾ അല്ലെങ്കിൽ അമിതമായി തൈറോയ്ഡ് ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുമ്പോഴാണ് ഹൈപ്പർതൈറോയ്ഡിസം എന്ന അവസ്ഥ ഉണ്ടാകുന്നത്. ശരീരഭാരം പെട്ടെന്ന് കുറയുക, അമിതമായ വിശപ്പ്, ഉത്കണ്ഠ, ചൂടിനോട് അഹിഷ്ണുത, ക്രമരഹിതമായ ഹൃദയമിടിപ്പ്. ഇത് പലപ്പോഴും ഓട്ടോഇമ്മ്യൂൺ രോഗമായ ഗ്രേവ്സ് രോഗത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തൈറോയ്ഡ് ഗ്രന്ഥിയെ തെറ്റായി ആക്രമിക്കുകയും അത് അമിതമായി തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ഗോയിറ്റർ
തൈറോയ്ഡ് ഗ്രന്ഥികളുടെ അസാധാരണ വളർച്ചയാണ് ഗോയിറ്റർ. ഇവ കഴുത്തിന് മുൻവശത്ത് മുഴപോലെ വീങ്ങിയിരിക്കുന്നതായി കാണപ്പെടും. അയഡിന്റെ അഭാവത്തെ തുടർന്നാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. എന്നാൽ ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പർതൈറോയ്ഡിസം പോലുള്ള അവസ്ഥ കാരണവും ഗോയിറ്റർ ഉണ്ടാകാം. ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, തൊണ്ട വലിഞ്ഞുമുറുകിയതായി അനുഭവപ്പെടാം, കിടക്കുമ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശബ്ദത്തിലെ മാറ്റം എന്നിവയാണ് ഗോയിറ്ററിന്റെ ലക്ഷണങ്ങൾ.
തൈറോയ്ഡ് നോഡ്യൂളുകൾ
കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള തൈറോയ്ഡ് ഗ്രന്ഥിയിലെ ചെറുതും അസാധാരണവുമായ വളർച്ചയാണ് തൈറോയ്ഡ് നോഡ്യൂൾസ്. ഭൂരിഭാഗവും ചെറുതും അപകടമില്ലാത്തതുമായിരിക്കും. എന്നാൽ ചിലത് കാൻസറിന് കാരണമാകാം.
അപകട സാധ്യത കൂടുതൽ ആർക്കൊക്കെ
തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകാൻ പുരുഷന്മാരെ അപേക്ഷിച്ച് ഏതാണ്ട് അഞ്ച് മടങ്ങ് സാധ്യത സ്ത്രീകളിലാണ്. തൈറോയ്ഡ് രോഗങ്ങൾക്ക് പ്രായം ഒരു പ്രധാനഘടകമാണ്. 35 വയസിന് മുകളിൽ പ്രായമായ സ്ത്രീകളിൽ ഹൈപ്പോതൈറോയ്ഡിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിപ്പിക്കുന്നു. കൂടാതെ ജനിതകം, ചില മരുന്നുകളും തൈറോയ്ഡ് രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കും.
തൈറോയ്ഡിനെതിരെ പ്രതിരോധം എങ്ങനെ
അയഡിൻ: അയഡിൻറെ അഭാവം കുറയ്ക്കുന്നതിന് അയഡിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. സമുദ്രവിഭവങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, മുട്ട തുടങ്ങിയവയിൽ അയോഡിൽ അടങ്ങിയിട്ടുണ്ട്.
തൈറോയ്ഡ് പരിശോധന: രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഹോർമോണുകളുടെ നില മനസിലാക്കാനാകും. ഇത് അപകടസാധ്യത കുറയ്ക്കാനും രോഗം നേരത്തെ മനസിലാക്കാനും തടയാനും സഹായിക്കും.
ചികിത്സ: മരുന്നുകൾ കൃത്യമായി കഴിക്കുന്നത് രോഗത്തെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. തൈറോക്സീൻ മരുന്നുകൾ കഴിക്കുന്നവർ രാവിലെ വെറും വയറ്റിൽ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപെങ്കിലും മരുന്ന് കഴിച്ചിരിക്കണം.
ആരോഗ്യകരമായ ജീവിതശൈലി: ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുന്നതും പതിവു വ്യായാമവും മാനസികസമ്മർദം നിയന്ത്രിക്കുന്നതും തൈറോയ്ഡ് ഗ്രന്ഥികളുടെ ആരോഗ്യം സംരക്ഷിക്കും.