ബെയ്‌ലിന്‍ ദാസ് 27 വരെ റിമാന്‍ഡില്‍, ജാമ്യാപേക്ഷ നാളെ പരിഗണിക്കും

തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ച കേസിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് റിമാൻഡിൽ. 27വരെയാണ് ബെയ്‌ലിനെ കസ്റ്റഡിയിൽ വിട്ടത്. ബെയ്‌ലിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു.


പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ യുവതിയുടെ ആക്രമണത്തിൽ ബെയ്‌ലിൻ ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കൽ റിപ്പോർട്ടും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ജൂനിയർ അഭിഭാഷക മർദിച്ചപ്പോൾ കണ്ണട പൊട്ടി ബെയ്‌ലിന്റെ ചെവിക്ക് ഇൻഫെക്ഷൻ ഉണ്ടായെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.


പ്രതിയുടെ മെഡിക്കൽ റിപ്പോർട്ട് മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് പറഞ്ഞ കോടതി ഒരുതവണ കൂടി പ്രതിയെ പരിശോധന നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. നാളെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ഈ റിപ്പോർട്ട് കൂടി കോടതിയിൽ ഹാജരാക്കും.


ഇന്നലെ രാത്രിയാണ് കേസിൽ പ്രതിയായ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്റ്റേഷൻ കടവിൽനിന്നാണു പ്രതിയെ തുമ്പ പൊലീസ് പിടികൂടിയത്.


പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറിൽ പോകുന്നതായി വഞ്ചിയൂർ എസ്എച്ചഒയ്ക്ക് വിവരം ലഭിച്ചു. വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്നു പ്രതിയെ പിടികൂടുകയായിരുന്നു.


അതേസമയം പ്രതിയെ പിടികൂടിയതിൽ ആശ്വാസമുണ്ടെന്നും അനുഭവിച്ച മാനസിക സമ്മർദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും മർദനമേറ്റ ശ്യാമിലി പറഞ്ഞു. കേരളാ പൊലീസിന് ഉൾപ്പെടെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ശ്യാമിലി പ്രതികരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ശ്യാമിലിയെ ബെയ്ലിൻ ദാസ് മർദിച്ചത്.

Previous Post Next Post