ഇന്ത്യൻ അതിര്‍ത്തിലെ പാക് വെടിവെയ്പ്; കൊല്ലപ്പെട്ടത് 13 പേരെന്ന് വിദേശകാര്യ വക്താവ്, 59 പേര്‍ക്ക് പരിക്കേറ്റു

കഴിഞ്ഞ ദിവസം പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയില്‍ നടത്തിയ വെടിവെയ്പില്‍ കൊല്ലപ്പെട്ടത് 13 പേരെന്ന് വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാള്‍.
വെടിവെയ്പില്‍ 59 പേർക്ക് പരിക്കേറ്റെന്ന് രണ്‍ധീർ ജയ്സ്വാള്‍ അറിയിച്ചു. ഇതില്‍ 44 പേർ പൂഞ്ച് മേഖലയില്‍ നിന്നാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. പാകിസ്ഥാന്‍ ഭീകരര്‍ക്ക് നേരെയുള്ള ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയാണ് ജമ്മു കശ്മീരില്‍ പാക് ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും ഉണ്ടായത്.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. നിലവിലെ സാഹചര്യവും ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിലടക്കമുണ്ടായ സംഭവ വികാസങ്ങളും പ്രധാനമന്ത്രിയെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ച. പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ തകർത്ത ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച്‌ വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് മുന്നോടിയായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടം?

പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷല്‍ സിന്ദൂരില്‍ അവസാനിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്. ഇനിയും പാക് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം. ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. സാധാരണക്കാരെ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്റെ കൂടുതല്‍ തീവ്രവാദ ക്യാമ്ബുകള്‍ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Previous Post Next Post