ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; മരം വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു; 120 വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും കാരണം ജനജീവിതം ദുസ്സഹം. കാറ്റില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു. മഴയെ തുടര്‍ന്ന് 120 വിമാനങ്ങള്‍ വൈകി. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

മൂന്ന് വിമാനങ്ങള്‍ അഹമ്മദാബാദിലേക്കും ജയ്പൂരിലേക്കും തിരിച്ചുവിട്ടതായി വിമാനാത്താവള അധികൃതര്‍ അറിയിച്ചു. വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി വിമാനക്കമ്പനികള്‍ അറിയിച്ചു. 'ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ ചില വിമാനങ്ങള്‍ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്, ഇത് ഞങ്ങളുടെ മൊത്തത്തിലുള്ള ഷെഡ്യൂളിനെ ബാധിച്ചേക്കാം. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഒരുക്കാന്‍ പരമാവധി ശ്രമിക്കുന്നു,' എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

ശക്തമായ കാറ്റില്‍ മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണതിനെ തുടര്‍ന്ന് ഏകദേശം 15 മുതല്‍ 20 വരെ ട്രെയിനുകള്‍ വൈകി. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദ്വാരക, ഖാന്‍പൂര്‍, മിന്റോ റോഡ്, ലജ്പത് നഗര്‍, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ശനിയാഴ്ച വരെ ദേശീയ തലസ്ഥാനത്ത് ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കെ ഇന്ത്യയില്‍ ഇത്തവണ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Previous Post Next Post