'KL 07 DG 0007'...കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പര്‍, വീശിയെറിഞ്ഞത് 46.24 ലക്ഷം രൂപ

കൊച്ചി: കെഎല്‍ 07 ഡിജി 0007 ഇനി ഇതാണ് കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പര്‍. 46.24 ലക്ഷം രൂപ. ജയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ് നമ്പറിനോട് (007) ചേര്‍ന്നു നില്‍ക്കുന്ന നമ്പര്‍ ലേലത്തില്‍ സ്വന്തമാക്കിയത് ലിറ്റ്മസ് 7 സിസ്റ്റം കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.

4 കോടിയിലേറെ രൂപ വിലവരുന്ന ലംബോര്‍ഗിനി ഉറുസ് എസ് യുവിക്ക് വേണ്ടിയാണ് കമ്പനി മോഹവില നല്‍കി ഈ നമ്പര്‍ സ്വന്തമാക്കിയത്. ഫാന്‍സി നമ്പര്‍ ലേലത്തിനായി 5 പേരാണ് എറണാകുളം ആര്‍ടി ഓഫീസില്‍ 25,000 രൂപ ഫീസ് അടച്ചു ബുക്ക് ചെയ്തിരുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ലേലത്തില്‍ തുക കുതിച്ചുകയറുന്നതുകൊണ്ട് 3 പേര്‍ ഇടയ്ക്കുവെച്ച് പിന്‍മാറി. ശേഷിച്ച മറ്റൊരാള്‍ 44.84 ലക്ഷം വരെ വിളിച്ചിരുന്നു.

കെഎല്‍ 07 ഡിജി 0001 എന്ന നമ്പര്‍ 25.52 ലക്ഷം രൂപയ്ക്ക് പിറവം സ്വദേശി തോംസണ്‍ ബാബു സ്വന്തമാക്കി. കേരളത്തില്‍ 31 ലക്ഷം രൂപയാണ് ഇതിന് മുമ്പ് ഫാന്‍സി നമ്പറിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന് വില. ജോയിന്റ് ആര്‍ടിഒ സിഡി അരുണിന്റെ നേതൃത്വത്തിലായിരുന്നു ലേലം.

Previous Post Next Post