ഇന്ന് കൊല്ലം- എറണാകുളം മെമു ഓടില്ല; കോട്ടയം വഴിയുള്ള ചില ട്രെയിനുകൾ ആലപ്പുഴ റൂട്ടിൽ


തിരുവനന്തപുരം: തിരുവല്ലയ്ക്കും ചങ്ങനാശേരിയ്ക്കും ഇടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 26 ശനിയാഴ്ച) ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. രാത്രി 9.05ന് കൊല്ലത്തു നിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു ട്രെയിന്‍ പൂര്‍ണമായി റദ്ദാക്കി. കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തും.


തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകിട്ട് 6.05ന് പുറപ്പെടുന്ന 16319 ബെംഗളൂരുഹംസഫര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകിട്ട് 6.40ന് പുറപ്പെടുന്ന 16629 മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന 16347 മംഗലാപുരം എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന 16343 അമൃത എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കോട്ടയത്തിനു പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക.


ഈ 4 ട്രെയിനുകള്‍ക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും. ഏപ്രില്‍ 26ന് മധുരയില്‍നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലം സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ഏപ്രില്‍ 27ന് രാവിലെ ഗുരുവായൂര്‍ സ്‌റ്റേഷനില്‍നിന്ന് പുറപ്പെടേണ്ട മധുര എക്‌സ്പ്രസ് കൊല്ലം സ്‌റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക.

Previous Post Next Post