ചാലക്കുടി : കോടശ്ശേരിയില്‍ അയല്‍വാസികള്‍ തമ്മില്‍ നായ്ശല്യത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൊലപാതകം. മാരാങ്കോട് ചേരിയേക്കര വീട്ടില്‍ ശിശുപാലൻ എന്ന ഷിജു (40) വെട്ടേറ്റു മരിച്ചു.
അയല്‍വാസി മാരാങ്കോട് ആട്ടോക്കാരൻ വീട്ടില്‍ അന്തോണിയെ (69) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
അന്തോണിയുടെ വീടിന് പടിഞ്ഞാറ് വശത്തുള്ള മറ്റൊരു അയല്‍വാസിയുടെ ഒഴിഞ്ഞ പറമ്ബിലൂടെ ഷിജു നടന്നുപോകാറുള്ളത് സംബന്ധിച്ച് നേരത്തേ ഇവർ തമ്മില്‍ വിരോധം നിലനിന്നിരുന്നു. ശനിയാഴ്ച വൈകീട്ട് ഷിജുവിന്റെ വീട്ടിലെ നായ് കെട്ടഴിഞ്ഞ് അന്തോണിയുടെ വീട്ടിലേക്ക് ചെന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് ആരംഭിച്ചു.
രാത്രി 10.30ന് ഷിജുവിന്റെ വീട്ടുപറമ്ബിന് അടുത്ത് ഇവർ പരസ്പരം വഴക്കും ബഹളവും തുടർന്നു. ഈ സമയം അന്തോണി കൈവശം കരുതിയ കൊടുവാള്‍കൊണ്ട് ഷിജുവിന്റെ തലക്കും മുഖത്തും കഴുത്തിലും മറ്റും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെള്ളിക്കുളങ്ങര എസ്.എച്ച്.ഒ കെ. കൃഷ്ണൻ, എസ്.ഐമാരായ സന്തോഷ്‌കുമാർ, കെ.ടി. ജോഷി, സീനിയർ സി.പി.ഒമാരായ കെ.ഒ. ഷാജു, രാഗേഷ്, സി.പി.ഒമാരായ അഭിലാഷ്, രെജിത്ത്, അമല്‍രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.