നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ അവസാന ഘട്ടത്തിലെന്നു ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയുക എന്ന് നേരത്തെ വാദം കേള്‍ക്കലിനിടെ കോടതി ചോദിച്ചിരുന്നു. വിചാരണയ്‌ക്കെതിരായ പരിചയായാണോ ഈ ഹര്‍ജിയെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു.

2017ല്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഈ കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതയും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായ ഗൂഢാലോചനയും വെളിച്ചത്തു കൊണ്ടു വരാന്‍, നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് സിബിഐ കേസ് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു ദിലീപിന്റെ വാദം.

2017 ഏപ്രില്‍ 17ന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, ലൈംഗികാതിക്രമം പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല. ഇതു കണ്ടെത്തുന്നതിനായി അന്വേഷണം തുടരണമായിരുന്നുവെന്നും ദിലീപ് വാദിച്ചു.

വിചാരണ പൂര്‍ത്തിയായെന്നും പ്രോസിക്യൂഷന്റെ വാദങ്ങള്‍ അവസാനിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Previous Post Next Post