അതേസമയം മാര്‍പാപ്പയുടെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നിത്യശാന്തി നേരുന്നു. ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് നേരത്തെ അനുശോചന സന്ദേശത്തില്‍ പറഞ്ഞിരുന്നു.
മാര്‍പാപ്പയോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. ബ്രസീലില്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റ് തിമോര്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പോപ്പിന്റെ വിയോഗം കത്തോലിക്കര്‍ക്ക് മാത്രമല്ല, എല്ലാ മതത്തിനും എല്ലാ സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ത്ത പറഞ്ഞു.
കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളിലും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലും പങ്കെടുക്കാനായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ റോമിലേക്കു പോയി. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.