നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാര്? ഒന്നും മിണ്ടാനില്ലെന്ന് അന്‍വര്‍; മാധ്യമങ്ങളോടു സംസാരിക്കുന്നതു നിര്‍ത്തിയെന്ന് പ്രഖ്യാപനം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതുവരെ മാധ്യമങ്ങളോടു മിണ്ടില്ലെന്ന് പിവി അന്‍വര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അന്‍വര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം പൂര്‍ണമായും വിച്ഛേദിക്കുകയാണെന്നും സഹകകരിക്കണമെന്നും അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് യുഡിഎഫില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അന്‍വറിന്റെ പ്രഖ്യാപനം. സിപിഎം നേതൃത്വവുമായി ഇടഞ്ഞ് എംഎല്‍എ സ്ഥാനം രാജിവച്ച അന്‍വര്‍ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയാവുന്നതില്‍ താത്പര്യമില്ലെന്ന് അന്‍വര്‍ വ്യക്തമായ സൂചന നല്‍കുകയും ചെയ്തു. ഷൗക്കത്തും ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയിയുമാണ് സ്ഥാനാര്‍ഥിത്വത്തിലേക്ക് യുഡിഎഫിന്റെ പരിഗണനയില്‍ ഉള്ളത്.

സ്ഥാനാര്‍ഥിത്വത്തില്‍ അഭിപ്രായം പറഞ്ഞ് തത്കാലം വിവാദങ്ങളുണ്ടാക്കേണ്ടതില്ല എന്നാണ് അന്‍വര്‍ കരുതുന്നത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ അന്‍വറിന്റെ താത്പര്യം പരിഗണിക്കുമെന്നും എന്നാല്‍ വിവാദങ്ങളുണ്ടാക്കരുതെന്നുമുള്ള സന്ദേശം കെപിസിസി നേതൃത്വത്തില്‍നിന്നു ലഭിച്ചതായും സൂചനകളുണ്ട്.

അതേസമയം സ്ഥാനാര്‍ഥി ആരായാലും യുഡിഎഫിനെ പിന്തുണയ്ക്കാതെ മറ്റു മാര്‍ഗമില്ല എന്ന അവസ്ഥയിലാണ് അന്‍വര്‍ എന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. അതുകൊണ്ട് അന്‍വറിന്റെ താത്പര്യത്തിനു വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും വിജയ സാധ്യതയാണ് പരിഗണിക്കേണ്ടതെന്നും ഇവര്‍ പറയുന്നു.

Previous Post Next Post