കോട്ടയം: പാറമ്പുഴയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തുന്നതിന് എത്തിയ മൂന്നു യുവാക്കളെ എക്സൈസ് സംഘം പിടികൂടി.
പാറമ്പുഴ ചുങ്കത്ത് മാലിയിൽ വീട്ടിൽ അഖിലേഷ് ജി.കുമാർ (27) വിജയപുരം പാറമ്പുഴ കൊല്ലറക്കുഴിയിൽ അരുൺ കെ.ബാലൻ (28), തിരുവാർപ്പ് കുറയൻകേരിൽ വീട്ടിൽ ശ്രീജിത്ത് കെ.പി (31) എന്നിവരെയാണ് പാമ്പാടി എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്.
വിജയപുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നതായി പാമ്പാടി എക്സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് എക്സൈസ് സംഘം വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്ന് പുത്തേട്ട് പടിയിൽ മഹാദേവക്ഷേത്രം ഭാഗത്ത് നിന്നും അഞ്ച് ഗ്രാം കഞ്ചാവുമായി അരുൺ കെ ബാലനെ എക്സൈസ് സംഘം പിടികൂടി. ഇതിനു സമീപത്ത് തന്നെയുള്ള പെരിങ്ങള്ളൂർ എൽപിസ്കൂളിനു
സമീപത്തു നിന്നും അഖിലേഷിനെ 15 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. ഇതിനു സമീപത്തു നിന്നും 10 ഗ്രാം കഞ്ചാവുമായി ശ്രീജിത്തിനെ പിടികൂടുകയായിരുന്നു. അഖിലേഷിനും അരുണിനും പാമ്പാടി എക്സൈസ് റേഞ്ച് ഓഫിസിൽ മുൻപും കഞ്ചാവ് കേസുകളുണ്ട്.