കെട്ടിയോനും കെട്ടിയോളുമായാല്‍ വഴക്കുണ്ടാകും തല്ലും, അതിന് മരിക്കണോ?'; കടുത്തുരുത്തിയില്‍ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡന പരാതിയുമായി കുടുംബം.


കടുത്തുരുത്തിയില്‍ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡന പരാതിയുമായി കുടുംബം.

പാലാ കടപ്ലാമറ്റം സ്വദേശിനിയായ അമിത സണ്ണിയാണ് എട്ടുമാസം ഗർഭിണിയായിരിക്കെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ചത്.

മദ്യപിച്ച ശേഷം ഭർത്താവ് അഖില്‍ മർദ്ദിച്ചിരുന്നതായി അമിതയുടെ മാതാവ് എല്‍സമ്മ പറഞ്ഞു. തല്ലൊക്കെ സ്വാഭാവികമെന്ന രീതിയിലാണ് ഭര്‍തൃകുടുംബം സംസാരിച്ചതെന്നും എല്‍സമ്മ പറഞ്ഞു.

അമിത മരിക്കുന്നതിന് മിനിറ്റുകള്‍ക്കു മുൻപ് അമ്മയെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ സ്വിച്ച്‌ ഓഫായെന്നും എല്‍സമ്മ.

'മക്കളെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കരുതെന്നും അമ്മയ്ക്ക് നോക്കാന്‍ പറ്റാതായാല്‍ അനാഥാലയത്തിലാക്കണമെന്നുമാണ് മകള്‍ ഫോണില്‍ പറഞ്ഞത്. ഇപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫാകുമെന്ന് പറഞ്ഞു. പിന്നെ ഒന്നും സാസാരിച്ചില്ല. തിരിച്ച്‌ വിളിച്ചപ്പോ ഫോണെടുത്തില്ല' എല്‍സമ്മ വ്യക്തമാക്കി.

നാലര വർഷങ്ങള്‍ക്കു മുൻപാണ് കോട്ടയം കടുത്തുരുത്തി സ്വദേശി അഖിലും പാലാ കടപ്ലാമറ്റം സ്വദേശിനി അമിതയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ദീർഘകാലത്തെ പ്രണയത്തിനുശേഷം ആയിരുന്നു വിവാഹം.

നാലും രണ്ടും വയസുള്ള അനേയയും അന്നയുമാണ് ഇവരുടെ മക്കള്‍. സൗദിയില്‍ നഴ്സ് ആയിരുന്ന അമിതയുടെ സമ്ബാദ്യവും സ്വർണവും എല്ലാം ഭർത്താവ് ഇല്ലാതാക്കി. കൂട്ടുകാർ കൂടിയുള്ള മദ്യപാനത്തിന് ശേഷം വീട്ടിലെത്തി അഖില്‍ അമിതയെ മർദിക്കുന്നതും പതിവെന്നും കുടുംബം പറയുന്നു.

കെട്ടിയോനും കെട്ടിയോളുമായാല്‍ വഴക്കുണ്ടാകും തല്ലും, അതിന് ഉടനെ മരിക്കുകയാണോ ചെയ്യേണ്ടതെന്ന് അഖിലിന്‍റെ കുടുംബം ചോദിച്ചതായി എല്‍സമ്മ പറഞ്ഞു. അപ്പോ തല്ലിയെന്നത് ഉറപ്പാണ്.

എന്നാല്‍ സംഭവം എന്താണെന്ന് അവര്‍ക്കറിയില്ലെന്നും എല്‍സമ്മ പറഞ്ഞു. കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുകയായിരുന്ന അമിതയെ ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതായും കുടുംബത്തിന് പരാതിയുണ്ട്.

Previous Post Next Post