പാകിസ്ഥാന്‍കാര്‍ ഇന്ത്യ വിടണം; അട്ടാരി അതിര്‍ത്തി അടച്ചു; സിന്ധു നദീജല കരാര്‍ റദ്ദാക്കി

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതായും പാകിസ്ഥാന്‍ പൗരന്‍മാര്‍ ഇന്ത്യ വിടാനും രാജ്യം നിര്‍ദേശിച്ചു.

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതായും വാഗ- അട്ടാരി അതിര്‍ത്തി അടച്ചതായും വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇനി വിസ നല്‍കില്ലെന്നും ഇന്ത്യയിലെ പാകിസ്ഥാന്‍ നയതന്ത്രജ്ഞര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നും നിര്‍ദേശിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി ചുരുക്കി. ഭീകരാക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന്‍ ഉള്‍പ്പടെ 26 പേര്‍ കൊല്ലപ്പെട്ടതായി മിസ്രി പറഞ്ഞു.

പാകിസ്ഥാനിലുള്ള ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ണായക സന്ദേശം നല്‍കിയത്.
Previous Post Next Post