'വീട് ഇടിച്ചുതകര്‍ക്കുമ്പോള്‍ പുസ്തകവുമായി ഓടുന്ന പെണ്‍കുട്ടി, ആ ദൃശ്യം അത്രമേല്‍ അസ്വാസ്ഥ്യജനകം'

ന്യൂഡല്‍ഹി: വീടുകള്‍ പൊളിച്ചു മാറ്റുന്നത് മനുഷ്യത്വ രഹിതവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി. രാജ്യത്ത് നിയമമുണ്ടെന്നും പൗരന്‍മാരുടെ കെട്ടിടങ്ങള്‍ അങ്ങനെ പൊളിച്ചു മാറ്റാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ബുള്‍ഡോസര്‍ കുടിലുകള്‍ പൊളിച്ചുമാറ്റുമ്പോള്‍ പുസ്തകം ചേര്‍ത്ത് പിടിച്ച് ഓടുന്ന പെണ്‍കുട്ടിയുടെ വിഡിയോ കണ്ട് എല്ലാവരും അസ്വസ്ഥരാണെന്നും കോടതി പറഞ്ഞു. പ്രയാഗ്‌രാജിലെ വീടുകള്‍ പൊളിച്ചു മാറ്റിയതില്‍ യുപി സര്‍ക്കാരിനെയും പ്രയാഗ് രാജ് ഡെവലപ്മെന്‍റ് അതോറിറ്റിയേയും കോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

കോടതി പരാമര്‍ശിച്ച ഈ വിഡിയോ ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയില്‍ പൊളിക്കല്‍ നടപടികള്‍ നടക്കുമ്പോഴാണ് പെണ്‍കുട്ടി പുസ്തകങ്ങളുമായി പുറത്തേയ്ക്ക് ഓടുന്നത്. ഈ വിഡിയോ പിന്നീട് വൈറലാവുകയും ചെയ്തിരുന്നു.

ആറ് ആഴ്ചയ്ക്കുള്ളില്‍ വീട് പൊളിച്ചുമാറ്റപ്പെട്ട വീട്ടുടമസ്ഥര്‍ക്ക് ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യമാണുണ്ടായിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രയാഗ് രാജിലെ പൊളിച്ചുമാറ്റല്‍ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രീംകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.

അഭിഭാഷകന്‍ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫസര്‍ അലി അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ വീടുകള്‍ പൊളിച്ചുമാറ്റിയതില്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ബെഞ്ചിന്റെ നിരീക്ഷണം. നേരത്തെ ഇവര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗുണ്ടാനേതാവ് ആതിക് അഹമ്മദിന്റേയതാണെന്ന് കരുതി സംസ്ഥാന സര്‍ക്കാര്‍ വീടുകള്‍ പൊളിച്ചു മാറ്റിയത് തെറ്റാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. ആതിക് അഹമ്മദിന്റെ ബന്ധുവിന്റെ വീടാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്. പ്രയാഗ് രാജില്‍ അഭിഭാഷകനായ ഉമേഷ് പാലിനെ വെടിവെച്ച് കൊന്ന കേസില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്ന സഫര്‍ അഹമ്മദിന്റെ വീടാണ് പൊലീസ് ഇടിച്ചു തകര്‍ത്തത്.

Previous Post Next Post