മദ്യലഹരിയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് സംഘര്‍ഷം; യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് സംഘര്‍ഷമുണ്ടാക്കിയ യാത്രികര്‍ അറസ്റ്റില്‍. കോടനാട് സ്വദേശി കണ്ണിമോലാത്ത് വീട്ടില്‍ സിദ്ധാര്‍ത്ഥ് (22) രായമംഗലം പുല്ലുവഴി സ്വദേശി പൂണേനില്‍ വീട്ടില്‍ ജൂഡ് (19) വയസ്, കോടനാട് സ്വദേശി കണ്ണിമോലാത്ത് വീട്ടില്‍ ശ്രീഹരി (18) എന്നിവരാണ് അറസ്റ്റിലായത്. പുതുക്കാട് പൊലീസ് പെരുമ്പാവൂരില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ടോള്‍പ്ലാസയിലെത്തിയ കാര്‍, ടോള്‍ബൂത്ത് കടന്നതിനു ശേഷം ട്രാക്കില്‍ നിര്‍ത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. കാര്‍യാത്രക്കാര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രശ്‌നമുണ്ടാക്കിയത് ചോദ്യം ചെയ്ത ജീവനക്കാരെ കാറിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

ഇതിനിടെ ടോള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ ഇവര്‍ കാറുമായി കടന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ടോള്‍പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Previous Post Next Post