ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനം ഇന്ന് മുതല്‍, ലോകനേതാക്കളും വിശ്വാസികളും സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേയ്ക്ക്

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനം ഇന്ന് മുതല്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ എത്തിക്കും. കാസാ സാന്താ മാര്‍ത്തയില്‍ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിക്കുക. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ശനിയാഴ്ച വരെ പൊതുദര്‍ശനം തുടരും. ലോകനേതാക്കളെയും രാഷ്ട്രത്തലവന്‍മാരെയും കൂടാതെ ലോകമെമ്പടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി നേരില്‍ കാണാന്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് എത്തും. ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങുക.

സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത്.

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വര്‍ഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്.

Previous Post Next Post