പാക് വ്യോമ മേഖലയില്‍ പ്രവേശന വിലക്ക്; യുഎഇ- ഇന്ത്യ വിമാന സര്‍വീസുകള്‍ വൈകാന്‍ സാധ്യത

അബുദാബി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമ മേഖലയില്‍ വിലക്കേര്‍പ്പെടുത്തിയതോടെ യുഎഇ- ഇന്ത്യ വിമാന സര്‍വീസുകള്‍ വൈകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് പുറപ്പെടുന്നതോ ആയ ചില വിമാനങ്ങള്‍ ബദല്‍ റൂട്ടില്‍ സര്‍വീസ് നടത്തമെന്നാണ് എയര്‍ ഇന്ത്യയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ഞങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഈ അപ്രതീക്ഷിത വ്യോമാതിര്‍ത്തി അടച്ചിടല്‍ മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദിക്കുന്നു. എയര്‍ ഇന്ത്യ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയിലാണ് മുന്‍ഗണന നല്‍കുന്നത്' എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള നിരവധി ദൈനംദിന വിമാനങ്ങള്‍ പാകിസ്ഥാന്‍ വ്യോമ മേഖലയെയാണ് ആശ്രയിക്കുന്നത്. പാക് വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യന്‍ വിമാനങ്ങര്‍ അറേബ്യന്‍ കടലിന് മുകളിലൂടെയോ അല്ലെങ്കില്‍ കൂടുതല്‍ തെക്കന്‍ പാതകളിലൂടെയോ വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതരായേക്കാം, ഇത് രണ്ട് മണിക്കൂര്‍ വരെ അധിക യാത്ര സമയം വേണ്ടിവന്നേക്കും.

അതേസമയം പാക് നീക്കം യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ലൈദുബായ്, എയര്‍ അറേബ്യ എന്നിവയെ നേരിട്ട് ബാധിക്കില്ല. എന്നിരുന്നാലും, ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ വിമാന ഗതാഗതക്കുരുക്കും സ്ലോട്ട് പുനഃക്രമീകരണവും പ്രതിസന്ധി സൃഷ്ടിച്ചേക്കും

Previous Post Next Post