ഏഴുവർഷം നീണ്ട വിചാരണ; നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി വ്യക്തത തേടും. അതിനായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. തുടർന്ന് കേസിൽ വിധി പറയാനായി മാറ്റും.

ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾക്ക് ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയാകുന്നത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമണത്തിന് ഇരയായത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.

Previous Post Next Post