തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിന് പിന്നാലെ അച്ചടക്ക നടപടി നേരിടുന്നതിനിടെ ചീഫ് സെക്രട്ടറി നടത്തിയ ഹിയറിങ്ങിലെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ പ്രശാന്ത് ഐഎഎസ്. ഹിയറിങ്ങില്‍ പറഞ്ഞതിന്റെ സാരാംശം എന്ന തരത്തിലാണ് അഞ്ച് കാര്യങ്ങള്‍ എന്‍ പ്രശാന്ത് പങ്കുവയ്ച്ചിരിക്കുന്നത്. ആറ് മാസമായി തടഞ്ഞുവച്ചിരിക്കുന്ന തന്റെ പ്രമോഷന്‍ ഉടനടി നല്‍കണം എന്നതാണ് പ്രധാന ആവശ്യം.
തനിക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ വീണ്ടുമൊരു അന്വേഷണം തുടങ്ങാന്‍ ശ്രമിക്കാതെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം എന്നും പ്രശാന്ത് ആവശ്യപ്പെടുന്നു. അച്ചടക്ക നടപടിയുള്‍പ്പെടെ സര്‍ക്കാര്‍ നടപടികളെ പ്രഹസനം എന്നാണ് പ്രശാന്ത് വിശേഷിപ്പിച്ചിരിക്കുന്നത്. ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാറിനും ബാധകമാണെന്നും പ്രശാന്ത് ഓര്‍മിപ്പിക്കുന്നു. ഞാനിതുവരെ സര്‍ക്കാരിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത് എന്നാണ് പ്രശാന്തിന്റെ വാക്കുകള്‍.
പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന ഭാഗങ്ങള്‍
1. ആറ് മാസത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വര്‍ഷമായിട്ടും ഫയല്‍ പൂഴ്ത്തി വെച്ച്, അതിന്റെ പേരില്‍ 2022 മുതല്‍ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച എന്റെ പ്രമോഷന്‍ ഉടനടി നല്‍കണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്.
2. ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ വീണ്ടുമൊരു അന്വേഷണം തുടങ്ങാന്‍ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.
3. ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാണിക്കലും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കണം.
4. ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ട് 'ന്നാ താന്‍ പോയി കേസ് കൊട്' എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സര്‍ക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്.
5. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്‌പെന്‍ഷന്‍ തിരക്കിട്ട് പിന്‍വലിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് ശ്വാസം മുട്ടാന്‍ ഞാന്‍ ഗോപാലകൃഷ്ണനല്ല.