'ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി മരുന്നു നല്‍കി'; കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് എക്‌സൈസ് പിടികൂടി. യുവതി അടക്കം രണ്ടുപേര്‍ അറസ്റ്റിലായി. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്നു വിളിക്കുന്ന തസ്ലീമ സുല്‍ത്താന്‍, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിനിമാ മേഖലയുമായി ഇവര്‍ക്ക് ബന്ധമുള്ളതായി ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. സിനിമാ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് നിരോധിത ലഹരിവസ്തുക്കള്‍ നല്‍കാറുണ്ടെന്ന് ക്രിസ്റ്റീന മൊഴി നല്‍കി. സിനിമാ മേഖലയിലെ മറ്റു ചിലരുടെ പേരുകള്‍ കൂടി യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് സൂചന.

സിനിമാ മേഖലയിലെ മറ്റൊരു പ്രമുഖ വ്യക്തിയുമായി യുവതി പണമിടപാട് നടത്തിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശത്തു നിന്നും ഹൈബ്രിഡ് കഞ്ചാവ് ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളിലെത്തിച്ചാണ് സംസ്ഥാനത്തേക്ക് കൊണ്ടു വന്നിരുന്നത്.

സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരിവസ്തുക്കള്‍ കൈമാറുന്നതില്‍ പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു മാസത്തോളമായി തസ്ലീമ സുല്‍ത്താന്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ക്രിസ്റ്റീന നേരത്തെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളത്ത് അറസ്റ്റിലായിട്ടുണ്ട്.

Previous Post Next Post