ചട്ടിപ്പറമ്ബില്‍ പെരുമ്ബാവൂർ സ്വദേശി അസ്മ മരിച്ച വിവരം ഭർത്താവും മതപ്രഭാഷകനുമായ സിറാജുദ്ദീൻ യുവതിയുടെ വീട്ടുകാരെ അറിയിച്ചിരുന്നില്ല. ആലപ്പുഴയിലുള്ള ഒരു ബന്ധുവാണ് അസ്മ മരിച്ച വിവരം അറയ്ക്കപ്പടിയിലെ വീട്ടുകാരെ അറിയിച്ചത്. ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീൻ മൃതദേഹം യുവതിയുടെ വീട്ടിലെത്തിച്ചത്. പായയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഒപ്പം ചോരക്കറ പോലും കഴുകികളയാത്ത നിലയില്‍ നവജാത ശിശുവും ഉണ്ടായിരുന്നു.
മൃതദേഹം ഏറ്റുവാങ്ങുമെന്ന് അസ്മയുടെ വീട്ടുകാർ ആലപ്പുഴയിലെ ബന്ധുവിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിറാജുദ്ദീൻ പെരുമ്ബാവൂരിലേക്ക് എത്തിയത്. മൃതദേഹവുമായെത്തിയ സിറാജുദ്ദീനോട് യുവതിയുടെ ബന്ധുക്കള്‍ കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് കഥമാറിയത്. സിറാജുദ്ദീന്റെ പ്രതികരണങ്ങളില്‍ അസ്മയുടെ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായി. അവർ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തത് ചോദ്യംചെയ്തു. തുടർന്ന് ഇവർ തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേർക്ക് വീതം പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പെരുമ്ബാവൂർ പോലീസ് എത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. യുവതിയുടെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. അസ്മയുടെ നവജാതശിശു പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവത്തിനായി അക്യുപംഗ്‌ച്ചർ ചികിത്സാരീതിയാണ് ദമ്ബതികള്‍ സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.