അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സര്‍ക്കാര്‍ അഭിഭാഷകൻ മരിച്ച നിലയില്‍.


അതിജീവിതയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലായിരുന്ന മുൻ സർക്കാർ അഭിഭാഷകൻ പി.ജി. മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഡോ. വന്ദന കേസില്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരാകാനാണ് ഇയാള്‍ കൊല്ലത്തെത്തിയത്.

പീഡന കേസില്‍ ജാമ്യത്തിലായിരുന്ന സമയത്ത് തന്നെ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന പരാതിയും മനുവിനെതിരേ ഉയർന്നിരുന്നു. ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഇതെത്തുടർന്ന് മനു കുടുംബസമേതം യുവതിയുടെ വീട്ടിലെത്തി മാപ്പപേക്ഷിച്ചിരുന്നു.
ഈ സംഭവം കഴിഞ്ഞ് മൂന്ന് ദിവസമായപ്പോഴാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണവും നിലനിന്നിരുന്നു. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടില്‍വച്ചും പീഡിപ്പിച്ചതായാണ് പരാതി. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്‌ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

എന്നാല്‍ പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തൊഴില്‍രംഗത്തെ എതിരാളികളുടെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നുമായിരുന്നു അഡ്വ. മനുവിന്റെ വാദം.

Previous Post Next Post