പ്രായപരിധി കര്‍ശനമാക്കുന്നതോടെ പൊളിറ്റ് ബ്യൂറോയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒരുപിടി മുതിര്‍ന്ന നേതാക്കള്‍ പുറത്താകും. ഇതോടെ നേതൃത്വത്തില്‍ വലിയൊരു ശൂന്യത വരുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിബന്ധന എടുത്തു കളയാന്‍ ഉള്ള ആവശ്യം മുന്നോട്ടു വരുന്നത്.
ഇന്നലെ നടന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചയിലാണ് പ്രധാനമായും ഈ ആവശ്യം മുന്നോട്ടുവയ്ക്കപ്പെട്ടത്. 'ലോകത്ത് മറ്റൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇത്തരം ഒരു നിബന്ധനയില്ല.
പ്രായപരിധി മാത്രമല്ല ഒരു നേതാവിന്റെ പ്രധാന ഗുണമായി പരിഗണിക്കേണ്ടത്. പ്രവര്‍ത്തനശേഷിയും സംഘടനാ പാടവവും ആരോഗ്യവും ഒക്കെ പരിഗണിച്ചാണ് ഉപരി കമ്മിറ്റികളില്‍ നിന്ന് പുറത്താക്കുകയും അല്ലെങ്കില്‍ സ്വയം ഒഴിയുകയും ചെയ്യേണ്ടത്' ഒരു പ്രതിനിധി ചൂണ്ടിക്കാട്ടി. പ്രായപരിധിയില്‍ വേണ്ടവിധത്തിലുള്ള ഇളവ് കൊണ്ടുവന്നാല്‍ മതി എന്ന് മറ്റൊരു പ്രതിനിധി ചൂണ്ടിക്കാട്ടി.
പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കില്‍ പി ബിയില്‍ നിന്ന് ഏഴ് മുതിര്‍ന്ന അംഗങ്ങളും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒട്ടേറെപ്പേരും പുറത്തു പോകേണ്ടിവരും. ഇവരില്‍ നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്കാന് സാധ്യത. അതിനിടെ പൊളിറ്റ് ബ്യൂറോയില്‍ കൂടുതല്‍ പേര്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട്. ഇന്നലെ നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉയര്‍ന്ന ഈ ആവശ്യം ഇന്ന് പൊതു ചര്‍ച്ചയിലും പ്രതിഫലിക്കുമെന്നാണ് സൂചന.
പൊളിറ്റ് ബ്യൂറോയില്‍ പിണറായിയെ കൂടാതെ വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍ എന്നിവര്‍ക്കും ഇളവു നല്‍കണമെന്നും ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. മുതിര്‍ന്ന വനിതാ നേതാവ് എന്ന നിലയില്‍ വൃന്ദാ കാരാട്ട് പാര്‍ട്ടിയുടെ ദേശീയ മുഖം ആണ്. അതുകൊണ്ടുതന്നെ പിബിയില്‍ നിലനിര്‍ത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അതുപോലെതന്നെ ത്രിപുര മുന്‍ മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ പൊളിറ്റ് ബ്യൂറോയില്‍ ഉണ്ടാകേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണെന്ന് ത്രിപുരയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
