സ്വത്തിന് വേണ്ടി 51കാരിയെ വിവാഹം ചെയ്ത് 29കാരൻ, ഒടുവില്‍ അരുംകൊല; ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും


അമ്ബത്തൊന്നുകാരിയായ ശാഖാകുമാരിയെ ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 29കാരനായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച്‌ കോടതി.

സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു പ്രതി.നെയ്യാറ്റിൻകര അഡിഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

നെയ്യാറ്റിൻകര അതിയന്നൂർ വില്ലേജില്‍ അരുണ്‍ നിവാസില്‍ അരുണി(32)നെയാണ് നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.


കുന്നത്തുകാല്‍ വില്ലേജില്‍ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻവീട്ടില്‍ ശാഖാകുമാരി(52)യെയാണ് ഭർത്താവായ അരുണ്‍ കൊലപ്പെടുത്തിയത്. 2020 ഡിസംബർ 26-ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. 2020 ഒക്ടോബർ 29-ന് വിവാഹം കഴിക്കുമ്ബോള്‍ ശാഖാകുമാരിക്ക് 52 വയസ്സും അരുണിന് 28 വയസ്സുമായിരുന്നു പ്രായം. ഇലക്‌ട്രീഷ്യനാണ് പ്രതിയായ അരുണ്‍. ശാഖാകുമാരിയുമായി അടുപ്പം നടിച്ചശേഷം വീട്ടുകാരെ അറിയിക്കാതെ അവരെ വിവാഹം കഴിക്കുകയായിരുന്നു.

വിവാഹം വേണ്ടെന്നുവച്ചു കഴിയുകയായിരുന്നു ശാഖാകുമാരി. ഇതിനിടെയാണ് അരുണുമായി പ്രണയത്തിലായത്. തന്റെ സ്വത്തുകള്‍ക്ക് ഒരു അവകാശിയായി ഒരു കുഞ്ഞുവേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹവും വിവാഹത്തിന് കാരണമായി. 50 ലക്ഷം രൂപയും 100 പവൻ ആഭരണവുമാണ് വിവാഹസമയത്ത് അരുണ്‍ ശാഖാകുമാരിയില്‍നിന്ന് വാങ്ങിയത്. ക്രിസ്ത്യൻ മതാചാരപ്രകാരം നടന്ന വിവാഹത്തില്‍ വരന്റെ ഭാഗത്തുനിന്ന് ഇയാളുടെ ഒരു സുഹൃത്ത് മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.


വിവാഹം രഹസ്യമായിരിക്കണമെന്നും വിവാഹ ഫോട്ടോ, വീഡിയോ ഒന്നും പ്രചരിപ്പിക്കാൻ പാടില്ലെന്നും അരുണ്‍ നിർബന്ധം പിടിച്ചിരുന്നു. തന്നെക്കാള്‍ പ്രായക്കൂടുതലുള്ളയാളെ വിവാഹം കഴിച്ചത് ആരുമറിയരുതെന്നായിരുന്നു പ്രതി ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ശാഖാകുമാരിയുടെ ബന്ധുക്കളില്‍ ചിലർ വിവാഹഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ്ചെയ്തത് പ്രതിയെ ചൊടിപ്പിച്ചിരുന്നു.

വിവാഹശേഷം ശാഖാകുമാരിയുടെ വീട്ടിലായിരുന്നു അരുണിന്റെ താമസം. വിവാഹത്തിന് മുമ്ബുതന്നെ പ്രതി ശാഖാകുമാരിയുടെ പണം ഉപയോഗിച്ച്‌ കാറും ബൈക്കും വാങ്ങിയിരുന്നു. വിവാഹശേഷവും ആഡംബരജീവിതം തുടർന്നു. ഇതിനിടെ, കുട്ടികള്‍ വേണമെന്ന ശാഖാകുമാരിയുടെ ആവശ്യത്തോട് അരുണ്‍ വിമുഖത കാണിച്ചു. തുടർന്നാണ് ശാഖാകുമാരിയെ ഒഴിവാക്കാനും ഇവരുടെ ബാക്കി സ്വത്ത് കൈക്കലാക്കാനുമായി പ്രതി കൊലപാതകം ആസൂത്രണംചെയ്തത്.


ഇലക്‌ട്രീഷ്യനായ പ്രതി ഒരിക്കല്‍ വീട്ടില്‍വെച്ച്‌ ഓവൻ റിപ്പയർ ചെയ്യുന്നതിനിടെ ശാഖാകുമാരിയുടെ കൈയില്‍ ഷോക്കേല്‍പ്പിക്കാൻ ശ്രമം നടത്തിയിരുന്നു. അന്ന് ശാഖാകുമാരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുടർന്നാണ് ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബന്ധുക്കള്‍ പിരിഞ്ഞശേഷം വീണ്ടും ശാഖാകുമാരിയെ അപായപ്പെടുത്താനുള്ള നീക്കം നടത്തിയത്.

മുൻകൂട്ടി പദ്ധതിയിട്ടത് പ്രകാരം ഡിസംബർ 26-ന് പുലർച്ചെ ഒന്നരയോടെ അരുണ്‍ കിടപ്പുമുറിയില്‍വെച്ച്‌ ശാഖാകുമാരിയുടെ വായും മുഖവും അമർത്തി ശ്വാസംമുട്ടിച്ചു. ഭാര്യ ബോധരഹിതയായതോടെ വലിച്ചിഴച്ച്‌ വീട്ടിലെ ഹാളിലെത്തിച്ച്‌ അവിടെ കിടത്തി. തുടർന്ന് മുൻകൂട്ടി കരുതിവെച്ചിരുന്ന പ്ലഗും വയറും ഉപയോഗിച്ച്‌ സമീപത്തെ ഷോകേസിലെ ഇലക്‌ട്രിക് സോക്കറ്റില്‍നിന്നും ശാഖാകുമാരിയുടെ വലതു കൈത്തണ്ടയിലും മൂക്കിലേക്കും വയർ ബന്ധിപ്പിച്ച്‌ അതിലൂടെ വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അപകടമരണമായി ചിത്രീകരിക്കാൻ സീരിയല്‍ ബള്‍ബ് സെറ്റ് ശാഖാകുമാരിയുടെ ദേഹത്തിടുകയുംചെയ്തു.


വെള്ളറട പോലീസ് ഇൻസ്പെക്ടറായിരുന്ന എം. ശ്രീകുമാർ ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ കോടതിയില്‍ ഹാജരായി.

Previous Post Next Post