ഇറങ്ങിയോടിയ ദിവസം 20,000 രൂപയുടെ ഓണ്‍ലൈന്‍ പേയ്മെന്റ്, ഹോട്ടലില്‍ ഷൈന്‍ വിദേശമലയാളിയായ വനിതയെ കണ്ടു, അന്വേഷണം

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് ഓണ്‍ലൈന്‍ പേയ്മെന്റായാണ് നല്‍കിയത്. ഈ വിവരങ്ങളടക്കം പരിശോധിക്കുന്നുണ്ട്. പണം ലഭിച്ച നമ്പറിന്റെ ഉടമകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

തനിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മാത്രമാണുള്ളതെന്നാണ് ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഈ അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെന്റുകള്‍ ലഭിക്കാന്‍ ബാങ്ക് അധികൃതരെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഷൈനിന്റെ ഫോണ്‍വിളി വിവരങ്ങളും അന്വേഷക സംഘം പരിശോധിച്ചു വരികയാണ്. ലഹരി കച്ചവടക്കാരുമായി ഷൈന്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

സിനിമാ മേഖലയിലെ മുഖ്യ ലഹരിവിതരണക്കാരില്‍ ഒരാളെന്ന് കരുതുന്ന സജീറുമായും അടുത്തിടെ ഹൈബ്രിഡ് കഞ്ചാവു കേസില്‍ പിടിയിലായ തസ്ലിമയുമായും ഷൈനിനുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ഇടപാടുകാരന്‍ സജീറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഷൈന്‍ ടോം ചാക്കോയുടെ മൊബൈല്‍ ഫോണ്‍ രേഖകളും വിശദമായി പരിശോധിച്ചു വരികയാണ്.

ലഹരിപരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോള്‍ ഇറങ്ങി ഓടിയത്, തന്നെ ആക്രമിക്കാനെത്തിയ ഗുണ്ടകളാണെന്ന് കരുതിയാണെന്ന ഷൈന്‍ ടോം ചാക്കോയുടെ വാദം പൊലീസ് തള്ളിക്കളഞ്ഞു. ഗുണ്ടകളാണെന്ന് കരുതിയെങ്കില്‍ എന്തുകൊണ്ട് പൊലീസിനെ വിവരം അറിയിച്ചില്ല എന്നാണ് അന്വേഷണ സംഘം ചോദിക്കുന്നത്. ആവശ്യമെങ്കില്‍ ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.

ഷൈനിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന രണ്ടാം പ്രതി, മേക്കപ്പ്മാന്‍ മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദിനെ പൊലീസ് ചോദ്യംചെയ്യും. പാലക്കാട് നിന്നും മദ്യക്കുപ്പികളുമായാണ് മുര്‍ഷാദ് ഷൈനിനെ കാണാനെത്തിയത്. മറ്റെന്തെങ്കിലും ലഹരിവസ്തുക്കള്‍ മുര്‍ഷാദ് ഷൈനിനു കൈമാറിയിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം.

ഇത് ഒളിപ്പിക്കാനോ നശിപ്പിച്ചുകളയാനോ ആവാം ഷൈന്‍ ടോം ചാക്കോ സാഹസികമായി ജനല്‍ വഴി ചാടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ അനുമാനം. വിദേശ മലയാളിയായ വനിതയെ ഷൈന്‍ ഈ ഹോട്ടലില്‍ കണ്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും ഇവിടെ അന്നു മുറിയെടുത്തിരുന്നു. ഇവരുമായി ഫോണ്‍ മുഖേന ദീര്‍ഘകാലത്തെ പരിചയമുണ്ടെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Previous Post Next Post