സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ സിനിമയുടെ തുടക്കത്തിലുണ്ട്. ഇതിനെതിരെ സംഘപരിവാറില്‍ നിന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് മുഴുവനായും വെട്ടി മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കാണിക്കുന്ന സീനുണ്ട്. ഇതും ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. വെട്ടി മാറ്റിയ 24 സീനുകളില്‍ ഇതും ഉള്‍പ്പെടുന്നു. സിനിമയില്‍ ഒരുഭാഗത്ത് എന്‍ഐഎയെ കുറിച്ച് പരാമര്‍ശമുണ്ട്. ഇത് മ്യൂട്ട് ചെയ്തു.
ചിത്രത്തിലെ പ്രധാനപ്പെട്ട വില്ലന്‍ ബജ് രംഗി ആണ്. സിനിമ മുന്നോട്ടുപോകുമ്പോള്‍ ബല്‍രാജ് എന്ന കഥാപാത്രം പിന്നീട് ബജ് രംഗി ആകുകയാണ്. രാഷ്ട്രീയ നേതാവ് ആയി വരുമ്പോഴാണ് ബജ് രംഗി ആയി വരുന്നത്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്ന് മാറ്റിയിട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രതിയായ ഒരാളുമായി ഈ കഥാപാത്രത്തിന് സാമ്യമുണ്ട് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പേരുമാറ്റം. പ്രധാന വില്ലന്‍ കഥാപാത്രവും സഹായിയായ മറ്റൊരു വില്ലന്‍ കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിലും വെട്ടുണ്ട്.
പൃഥ്വിരാജിന്റെ സെയ്ദ് മസൂദും പൃഥ്വിരാജിന്റെ അച്ഛന്‍ കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിലും എഡിറ്റിങ്ങ് ഉണ്ട്. അങ്ങനെ 24 എടുത്തിട്ടാണ് വെട്ട്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പേര് ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് നീക്കി. സിനിമയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.
