''അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും സുതാര്യതയില്ലാത്ത ഒരു സംവിധാനത്തിനും എതിരെയാണ് ഞങ്ങളുടെ പോരാട്ടം. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ആവശ്യം. വിഷയത്തില്‍ അസോസിയേഷന്‍ സമഗ്ര പോരാട്ടത്തിന് തയ്യാറാണ്. തുടക്കം മുതല്‍ തന്നെ ഈ വിഷയം മൂടിവെക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇന്ന് ഇന്ത്യയിലുടനീളമുള്ള അഭിഭാഷകര്‍ ഈ പോരാട്ടത്തിലുണ്ട്. പരിഹാരം കാണുന്നതുവരെ അനന്തരഫലങ്ങള്‍ എന്തായാലും ഞങ്ങള്‍ ജോലി പുനരാരംഭിക്കുകയില്ല'',അനില്‍ തിവാരി പറഞ്ഞു.
ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍ തോതില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിടുന്ന ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റാന്‍ ഇന്നലെയാണ് സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചത്. ജസ്റ്റിസ് വര്‍മയുടെ വസതിയില്‍ മാര്‍ച്ച് 14ന് വൈകിട്ട് മൂന്ന് മണിയോടെയുണ്ടായ തീപിടിത്തത്തെത്തുടര്‍ന്നാണ് പണം കണ്ടെത്തിയത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണക്കുന്നതിനിടെയാണ് വന്‍തോതില്‍ പണം കണ്ടെത്തിയത്. എന്നാല്‍ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയെന്ന ആരോപണം തന്നെ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണെന്നാണ് ജഡ്ജി യശ്വന്ത് വര്‍മയുടെ പ്രതികരണം.