എന്നാല്‍ തുറന്ന കോടതിയില്‍ മാപ്പു പറയാനാകില്ലെന്നാണ് ജസ്റ്റിസ് ബദറുദ്ദീന്റെ നിലപാട്. തന്റെ ചേംബറില്‍ വെച്ച് ക്ഷമാപണം നടത്താമെന്നും ജഡ്ജി അറിയിച്ചു. അഭിഭാഷകരുടെ ആവശ്യം കണക്കിലെടുത്ത്, കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് ജസ്റ്റിസ് ബദറുദീന്റെ കോടതി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. വിഷയം പഠിക്കാന്‍ ചീഫ് ജസ്റ്റിസ് സാവകാശം തേടിയിട്ടുണ്ട്.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു അഡ്വ. അലക്സ് എം സ്‌കറിയയും ഭാര്യ സരിതയും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അലക്‌സ് സ്‌കറിയ മരിച്ചത്. അലക്‌സ് എം സ്‌കറിയ ഏറ്റെടുത്ത കേസിന്റെ വക്കാലത്ത് മാറ്റുന്ന നടപടികള്‍ ഇതിനോടകം തുടങ്ങിയിരുന്നു. അലക്‌സ് പരിഗണിച്ചിരുന്ന ഒരു കേസ് ഇന്നലെ കോടതി പരിഗണിച്ചപ്പോള്‍ സരിത ഹാജരാകുകയും, ഭര്‍ത്താവ് മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിക്കുകയും ചെയ്തു. ഇത് ജസ്റ്റിസ് ബദറുദ്ദീനെ പ്രകോപിപ്പിച്ചു.
'ആരാണ് അലക്‌സ് സ്‌കറിയ' എന്ന് ജഡ്ജി ബദറുദ്ദീന്‍ രൂക്ഷമായ ഭാഷയില്‍ ചോദിച്ചു. കേസുകള്‍ നീട്ടിക്കൊണ്ടു പോവാനില്ലെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ നിലപാട് അറിയിച്ചു. അലക്‌സിനേയും അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചും അറിയില്ലെന്ന നിലയിലുള്ള ജഡ്ജിയുടെ പെരുമാറ്റം സരിതയെ വേദനിപ്പിച്ചെന്നും, കരഞ്ഞുകൊണ്ടാണ് അവര്‍ കോടതി വിട്ടതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
ജസ്റ്റിസ് ബദറുദീന്റെ പെരുമാറ്റത്തിനെതിരെ മുമ്പും അഭിഭാഷകര്‍ പ്രതിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, ജഡ്ജിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ട് കെഎച്ച്‌സിഎഎ ചീഫ് ജസ്റ്റിസിന് ഒരു കത്ത് എഴുതിയിരുന്നു. കഠിനമായ പുറം വേദന കാരണം കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ജസ്റ്റിസ് എ ബദറുദീന്‍ കേസ് വാദിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് അഭിഭാഷകന്‍ പരാതിപ്പെട്ടത്.