ടി.ആര്‍. രഘുനാഥൻ സി.പി.എം കോട്ടയം ജില്ല സെക്രട്ടറി

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി.ആർ. രഘുനാഥനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മുൻ ജില്ല സെക്രട്ടറി എ.വി. റസലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയെ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. എസ്.എഫ്.ഐയിലൂടെ തുടങ്ങിയ സമര പോരാട്ടമാണ് ഒടുവില്‍ ജില്ല സെക്രട്ടറിയുടെ പദവിയിലേക്ക് രഘുനാഥനെ എത്തിച്ചിരിക്കുന്നത്

ബസേലിയസ് കോളജ് യൂനിറ്റ് സെക്രട്ടറി പദവിയില്‍നിന്നായിരുന്നു തുടക്കം. പിന്നീട് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി, ഡി,വൈ,എഫ്,ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്‍റ്, അയർക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ല പ്രസിഡന്‍റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവർത്തിച്ചു.

സി.പി.എം അയർക്കുന്നം ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു. നിലവില്‍ പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗമാണ്. സി.ഐ.ടി.യു കോട്ടയം ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ്, ദേശീയ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

കോട്ടയം കോഓപ്പറേറ്റിങ് അർബൻ ബാങ്ക് ചെയർമാനാണ്. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. സ്വദേശം അയർക്കുന്നം അറുമാനൂർ. ഭാര്യ: രഞ്ജിത. മകൻ: രഞ്ജിത്, മരുമകള്‍: അർച്ചന.
Previous Post Next Post