“അവരങ്ങനെ ​ഗ്ലാമറുള്ള ഒരു വകുപ്പിലും ഇരുന്നിട്ടില്ലല്ലേ?”; ശാരദ മുരളീധരനെ പിന്തുണച്ച് ഭർത്താവ് ഡോ. വി വേണു

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പിന്തുണച്ച് ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു. ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഡോ. വേണു, ശാരദയെ അനുകൂലിച്ച് രം​ഗത്തു വന്നത്. തൊലി കറുപ്പിലും പങ്കാളിയുടെ വെളുപ്പിനോടും ഒക്കെ താരതമ്യം ചെയ്തും തോൽപ്പിക്കാൻ നോക്കുന്നവരുടെ മുന്നിൽ അവരുടെ നാളിതു വരെയുള്ള സേവനകാലം തിളങ്ങി തന്നെ നിൽക്കുമെന്ന് വേണു അഭിപ്രായപ്പെട്ടു.

“അവരങ്ങനെ ​ഗ്ലാമറുള്ള ഒരു വകുപ്പിലും ഇരുന്നിട്ടില്ലല്ലേ?” എന്ന് പലരും ശാരദ മുരളീധരനെക്കുറിച്ച് അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. ആഭ്യന്തരം, റവന്യു, ഫിനാൻസ്, വ്യവസായം തുടങ്ങിയ കൺവെൻഷണലി ‘കനപ്പെട്ട’ വകുപ്പുകളും, ടൂറിസം പോലെയുള്ള വിദേശ യാത്രകളും പാർട്ടികളും തരപ്പെടുന്നവയും ഒക്കെയാണ് ഈ ​ഗ്ലാമർ കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അവരതിൽ ഇരുന്നിട്ടില്ല.

ദാരിദ്ര്യ നിർമ്മാർജ്ജനവും, ജനകീയാസൂത്രണവും, പട്ടിക ജാതി/വർഗ ക്ഷേമവും, സ്ത്രീ ശാക്തീകരണവും, കുടുംബശ്രീയും, റൂറൽ ലൈവ്ലിഹുഡ് മിഷനും, തദ്ദേശ സ്വയംഭരണവും, ഗ്രാമവികസനവും, മാലിന്യ നിർമാർജനവുമൊക്കെ നയിച്ചതിനോളം ​ഗ്ലാമർ മുൻപ് പറഞ്ഞതിനൊന്നുമില്ലെന്ന് തിരിച്ചറിയാത്തവരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം. ഡോ. വേണു കുറിപ്പിൽ അഭിപ്രായപ്പെട്ടു.

Previous Post Next Post