'എല്ലാ ക്ഷേത്രങ്ങളിലും അനുമതി വേണം', ദേവസ്വംബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ച് എസ്എന്‍ഡിപി സംയുക്ത സമിതി

പത്തനംതിട്ട: എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ചു. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷര്‍ട്ട് ധരിച്ച് കയറിയത്. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. സ്ഥലത്ത് പൊലീസ് സുരക്ഷ ഉണ്ടായിരുന്നുവെങ്കിലും ആരും തടഞ്ഞിരുന്നില്ല.

സ്ത്രീകള്‍ മുടി അഴിച്ചിട്ടും പുരുഷന്മാര്‍ ഷര്‍ട്ട്, ബനിയന്‍, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന ബോര്‍ഡ് ക്ഷേത്രത്തില്‍ തൂക്കിയിട്ടുണ്ട്. ക്ഷേത്രം നിലനില്‍ക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള എസ്എന്‍ഡിപി ശാഖകളിലെ ഭക്തരാണ് ഷര്‍ട്ടിടാതെ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോള്‍ തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടന്ന സംഭവത്തിനെതിരായ പ്രതിഷേധമാണ് ഈ പ്രവര്‍ത്തിയെന്ന് സംയുക്ത സമര സമിതി അംഗങ്ങള്‍ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപിയും ശിവഗിരി മഠവും മുമ്പ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കുമ്പളം ലക്ഷമിനാരായണ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുമതി നല്‍കിയിരുന്നു. ശ്രീജ്ഞാന പ്രഭാകര യോഗത്തിന്റെ വാര്‍ഷിക പൊതുയോഗമാണ് തീരുമാനം എടുത്തത്. ഈഴവ സമുദായാംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി വാര്‍ഷിക പൊതുയോഗത്തിലെ ധാരണ പ്രകാരമാണ് ഷര്‍ട്ടിട്ട് പുരുഷന്മാരെ ക്ഷേത്രത്തില്‍ കയറ്റാന്‍ തീരുമാനിച്ചത്.

Previous Post Next Post