കോട്ടയം: തിരുനക്കരയുടെ വിശ്വാസമണ്ണിൽ വർണ്ണാരവം...ആസ്വാദക മനസ്സിലേക്ക് പെയ്തിറങ്ങാൻ തിരുനക്കരപ്പൂരം. ഒരുവർഷത്തെ കാത്തിരിപ്പിന് അറുതികുറിച്ചെത്തിയ തിരുനക്കരപ്പൂരത്തെ നെഞ്ചേറ്റി ജനസഞ്ചയം. പൂരത്തിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ തിരുനക്കര ജനസമുദ്രമായി മാറും.
താളംപിടിച്ചും കാഴ്ചകണ്ടും ഭക്തര്‍ തിരുനക്കരക്ഷേത്ര മുറ്റത്ത് നിലയുറപ്പിച്ച് പൂരത്തെ വരവേൽക്കാനൊരുങ്ങി.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ചുറ്റുവട്ടക്ഷേത്രങ്ങളില്‍നിന്ന് ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങുന്നതോടെ നഗരം പൂരത്തിരക്കിലേക്ക് നീങ്ങും. ചെറുപൂരങ്ങള്‍ക്കൊപ്പം ജനക്കൂട്ടങ്ങളും ക്ഷേത്രമൈതാനത്തേക്ക് എത്തും.
ഓരോ ആനയുടെ പേര് വിളിക്കുമ്പോഴും വൻകരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് ജനം സ്വീകരിക്കുക.
പൂരത്തിന് തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റും. ക്ഷേത്രത്തിനു തൊട്ടു മുന്നിലെ ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിലായിരിക്കും ശിവരാജു. മൈതാനത്തിന്റെ മറ്റേയറ്റത്ത് ഗണപതി കോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ പാമ്പാടി രാജൻ ദേവിയുടെ തിടമ്പുമേറ്റും.
പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകൾ: തൃക്കടവൂർ ശിവരാജു, പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, പാമ്പാടി സുന്ദരൻ, ഉഷശ്രീ ശങ്കരൻകുട്ടി, കിരൺ നാരായണൻകുട്ടി, കാഞ്ഞിരക്കാട്ട് ശേഖരൻ, തടത്താവിള രാജശേഖരൻ, ചൈത്രം അച്ചു, മീനാട് വിനായകൻ, വേമ്പനാട് അർജുൻ, തോട്ടയ്ക്കാട് രാജശേഖരൻ, കരിമണ്ണൂർ ഉണ്ണി, അക്കാവിള വിഷ്ണുനാരായണൻ, ചുരൂർമഠം രാജശേഖരൻ, കുന്നുമേൽ പരശുരാമൻ, വേമ്പനാട് വാസുദേവൻ, ഉണ്ണിപ്പള്ളി ഗണേശൻ, കല്ലുത്താഴ് ശിവസുന്ദർ