പൂയംകുട്ടി നിത്യഹരിത വനത്തിനുള്ളിലൂടെ പോകുന്ന പഴയ ആലുവ- മൂന്നാർ റോഡ് തുറന്നുകൊടുക്കണമെന്നു ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് സീറോ മലബാർ സഭ.
കോതമംഗലം മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലടക്കമുള്ള പ്രതിഷേധക്കാർക്കെതിരെ വനം വകുപ്പ് എടുത്ത കേസ് പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് ബുധനാഴ്ച കോതമംഗലത്ത് പള്ളി അംഗങ്ങള്‍ പന്തം കൊളുത്തി വൻ പ്രകടനം നടത്തി.
മാർച്ച് 16നു ഇക്കാര്യം ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കാട്ടിലൂടെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിന്നാലെയാണ് വനം വകുപ്പ് കേസെടുത്തത്. കാട്ടില്‍ വാഹനങ്ങള്‍ തടയാൻ സ്ഥാപിച്ച ക്രോസ് ബാർ നശിപ്പിച്ചതായും പ്രദേശത്ത് നിർത്തിയിട്ടിരുന്ന ഫോറസ്റ്റ് വാഹനത്തിനു കേടുപാടുകള്‍ വരുത്തിയെന്നും ആരോപിച്ചാണ് വനം വകുപ്പ് കേസ്.
ഇതിനെതിരെയാണ് ബുധനാഴ്ച പ്രദേശവാസികള്‍ വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി പന്തം കൊളുത്തി പ്രകടനം നടത്തിയത്. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തില്‍ പന്തം കൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്തു. എംഎല്‍എ ആന്റണി ജോണ്‍, വികാരി ജനറല്‍ പയസ് മലേകണ്ടത്തില്‍, ഫാ. റോബിൻ പടിഞ്ഞാറേക്കണ്ടത്തില്‍, സിജുമോൻ ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നല്‍കി.
അതിനിടെ റോഡ് തുറന്നു കൊടുക്കണമെന്നു ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു. എംഎല്‍എ ആന്റണി ജോണ്‍, കുട്ടമ്ബുഴ സെന്റ് മേരീസ് പള്ളി വികാരി ഫാ. അരുണ്‍ വലിയതാഴത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ആന്റണി ജോണ്‍ വ്യക്തമാക്കി.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. രേഖകള്‍ പ്രകാരം മലയാറ്റൂർ റിസർവ് വനത്തിലൂടെ കടന്നു പോകുന്ന ഓള്‍ഡ് ആലുവ- മൂന്നാർ റോഡ് എന്ന പേരില്‍ ഒരു റോഡില്ലെന്നും വനം മന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു.
1924ലെ വെള്ളപ്പൊക്കത്തില്‍ മൂന്നാർ റോഡ് ഒലിച്ചു പോയതിനു ശേഷമാണ് നേര്യമംഗലം- അടിമാലി റോഡ് നിർമിച്ചത്. കുറത്തിക്കുടി നിവാസികള്‍ക്കു പെരുമ്ബൻകുത്ത്, മാങ്കുളം എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന മറ്റൊരു റോഡുമുണ്ട്. പഴയ ആലുവ- മൂന്നാർ റോഡ് നിത്യഹരിത വനത്തിലൂടെയാണ് കടന്നുപോകുന്നത്. അനകളടക്കമുള്ള വന്യ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണിത്. വനത്തിലൂടെ പുതിയ റോഡ് തുറക്കുന്നത് വന്യ മൃഗങ്ങളെ ശല്യപ്പെടുത്തും. അതോടെ മനുഷ്യ- വന്യജീവി സംഘർഷം വർധിക്കും- ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
140 വർഷം പഴക്കമുള്ള ഈ റോഡിലൂടെ നടന്നതിനാണ് മാർ ജോർജ് പുന്നക്കാട്ടിലിനും മറ്റ് 23 നേതാക്കള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. പ്രദേശവാസികള്‍ക്കിടയില്‍ വിഷയം വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയതെന്നു ഫാദർ മലേക്കണ്ടത്തില്‍ പ്രതികരിച്ചു. കൊച്ചിയില്‍ നിന്നു മൂന്നാറിലേക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കുന്ന റോഡ് തുറക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 1878ല്‍ തിരുവിതാംകൂർ രാജാവായ ആയില്യം തിരുനാള്‍ രാമവർമയുടെ (1860-1880) കാലത്താണ് പഴയ ആലുവ- മൂന്നാർ റോഡ് നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ നിന്നു കൊച്ചി തുറമുഖത്തേക്ക് ചരക്കുകളും ആളുകളുടെ ഗതാഗതം സുഗമമാക്കുന്നതിനുമായാണ് ഈ റോഡ് അന്ന് നിർമിച്ചത്. വലിയ വളവുകളോ തിരിവുകളോ ഇല്ല എന്നതാണ് ഈ റോഡിന്റെ ഏറ്റവും വലിയ ഗുണം. 1924ലെ വെള്ളപ്പൊക്കത്തിലാണ് റോഡ് നശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂയംകുട്ടി വനത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്തു 2005ല്‍ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്‌ആർഐ) ഈ പാത തുറക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൂയംകുട്ടി സംരക്ഷിത വന പ്രദേശമാണെന്നു മുന്നറിയിപ്പിലുണ്ട്. മണ്ണൊലിപ്പ് സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.