ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സാമ്ബത്തികമായി ചൂഷണം ചെയ്ത മലപ്പുറം സ്വദേശി സുകാന്ത് ഒളിവിലെന്ന് സൂചന.
ഇയാളെ അന്വേഷിച്ച് പേട്ട പോലീസ് മലപ്പുറത്ത് എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഇയാള്‍ എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
സുകാന്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇയാള്‍ക്കായി ഊർജ്ജിത അന്വേഷണമാണ് പുരോഗമിക്കുന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മേഘയുടെ മരണത്തിന് പിന്നാലെ സുകാന്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
അതേസമയം കടുത്ത സാമ്ബത്തിക ചൂഷണത്തിനാണ് സുകാന്ത് മേഘയെ ഇരയാക്കിയത്. മാസം തോറുമുള്ള ശമ്ബളം മുഴുവൻ മേഘ സുകാന്തിനാണ് നല്‍കിയിരുന്നത്. ഇതില്‍ നിന്നും സുകാന്ത് നല്‍കിയിരുന്ന തുച്ഛമായ പണം കൊണ്ട് ആയിരുന്നു മേഘ ചിലവുകള്‍ നടത്തിയിരുന്നത്. കയ്യില്‍ പണമില്ലാത്തതിനാല്‍ പലപ്പോഴും ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
അരലക്ഷത്തിലധികം ശമ്ബളം മേഘയ്ക്ക് പ്രതിമാസം ലഭിച്ചിരുന്നു. എന്നാല്‍ മരിക്കുമ്ബോള്‍ മേഘയുടെ അക്കൗണ്ടില്‍ കേവലം 800 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പണം മുഴുവൻ മേഘ നല്‍കിയിരുന്നത് സുകാന്തിന്റെ അക്കൗണ്ടിലേക്ക് ആണ്. ഇതിനിടെ മേഘ വിവാഹക്കാര്യം വീട്ടില്‍ പറയാൻ സുകാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് സുകാന്ത് ഒഴിയുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി സുകാന്തിന്റെ സുഹൃത്തുക്കളില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഇയാള്‍ മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്നാണ് സുഹൃത്തുക്കളില്‍ നിന്നും പോലീസിന് ലഭിച്ച വിവരം.