'കുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷത്തില്‍ ലഹരി പാര്‍ട്ടി'; അച്ഛനടക്കം നാലുപേര്‍ പിടിയില്‍, എം.ഡി.എം.എയും കഞ്ചാവും സിറിഞ്ചും പിടിച്ചെടുത്തു.


കുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷത്തില്‍ ലഹരി പാർട്ടി നടത്തിയ സംഭവത്തില്‍ അച്ഛനടക്കം നാലു പേർ പിടിയില്‍.

തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണൻമൂല സ്വദേശി ടെർബിൻ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.

കൊല്ലം പത്തനാപുരത്തെ ലോഡ്ജിലാണ് ലഹരി പാർട്ടി നടന്നത്. കിരണിന് കഴിഞ്ഞ ദിവസം കുഞ്ഞ് ജനിച്ചിരുന്നു. ഇതിന്‍റെ ആഘോഷമാണ് ലോഡ്ജില്‍ നടന്നത്. ലോഡ്ജില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും സിറിഞ്ചുകളും കണ്ടെടുത്തു.

460 ഗ്രാം എം.ഡി.എം.എ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകള്‍, ഡിജിറ്റല്‍ ത്രാസ് എന്നിവയാണ് കണ്ടെടുത്തത്. പാർട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവർക്കായി തിരച്ചില്‍ പൊലീസ് ഊർജിതമാക്കി.

ലഹരി പാർട്ടി നടക്കുന്നുവെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പത്തനാപുരം എക്സൈസ് പരിശോധന നടത്തിയത്.

Previous Post Next Post