'കാഴ്ച മങ്ങാം, എല്ലുകള്‍ക്ക് ഒടിവ് പറ്റാം'; ഭൂമിയില്‍ സുനിത വില്യംസിനെ കാത്തിരിക്കുന്നത്

ന്യൂയോര്‍ക്ക്: അന്താരാഷ്ട ബഹിരാകാശ നിലയത്തില്‍ മാസങ്ങളോളം കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും മണിക്കൂറുകള്‍ക്കകം ഭൂമിയില്‍ തിരിച്ചെത്തുന്നത് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27 ഓടേ സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം ഭൂമിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ അറിയിച്ചു. സുനിത വില്യംസും ബുച്ച് വില്‍മോറും കഴിഞ്ഞ ദിവസം ബഹിരാകാശ നിലയില്‍ എത്തിയ മറ്റ് രണ്ട് യാത്രികര്‍ക്കൊപ്പമാണ് തിരിച്ചെത്തുന്നത്.

അതിനിടെ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ച് എത്തുമ്പോള്‍ അവരുടെ ആരോഗ്യം എങ്ങനെയായിരിക്കും എന്നതിനെ സംബന്ധിച്ച ആശങ്കകളും പ്രചരിക്കുന്നുണ്ട്. ഏറെനാള്‍ ബഹിരാകാശത്ത് കഴിഞ്ഞ ഇരുവരും ഭൂമിയില്‍ എത്തുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തി. ബഹിരാകാശ യാത്രയ്ക്കിടെ ബഹിരാകാശയാത്രികര്‍ക്ക് അനുഭവപ്പെടുന്ന മൈക്രോഗ്രാവിറ്റി മനുഷ്യന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. കാരണം ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം അവര്‍ക്ക് അവിടെ അനുഭവപ്പെടുന്നില്ല. പേശികളുടെ ക്ഷയവും അസ്ഥികളുടെ സാന്ദ്രത കുറയുന്നതും പ്രാഥമിക ഫലങ്ങളില്‍ ഒന്നാണ്. പേശികളും അസ്ഥികളും ദുര്‍ബലമാകുന്നു. ഇത് ഒടിവുകള്‍ക്കും മറ്റ് അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, ദ്രാവകങ്ങള്‍ ശരീരത്തിന്റെ മുകള്‍ ഭാഗത്ത് നീങ്ങുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം അനുഭവപ്പെടാന്‍ കാരണമാകാം. ഇത് മുഖത്ത് വീക്കത്തിനും കണ്ണുകളില്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തിനും കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

രോഗപ്രതിരോധ സംവിധാനത്തിലും മൈക്രോഗ്രാവിറ്റി സ്വാധീനം ചെലുത്തുന്നുണ്ട്. ബഹിരാകാശ യാത്രികര്‍ അണുബാധകള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളവരാകുന്നു. ഇയര്‍ ബാലന്‍സിനും തകരാര്‍ സംഭവിക്കാം. മാനസികാരോഗ്യത്തെയും ബാധിച്ചെന്നും വരാം. ദീര്‍ഘനേരം മൈക്രോഗ്രാവിറ്റിക്ക് വിധേയമാകുന്നത് ദ്രാവക വ്യതിയാനങ്ങള്‍ക്കും, തലവേദന, കാഴ്ച വൈകല്യങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്കും കാരണമാകാം.ഗുരുത്വാകര്‍ഷണബലത്തിന്റെ അഭാവം നാഡീ ബന്ധത്തെ ബാധിക്കാം. മസ്തിഷ്‌കം മാറിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നു. പക്ഷേ ഭൂമിയിലേക്ക് തിരിച്ചുവരുമ്പോള്‍ ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ട റീഅഡാപ്‌റ്റേഷന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകാമെന്നും ആരോഗ്യ വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Previous Post Next Post