രാസവസ്തു കയറ്റി വന്ന ലോറി ബൈക്കിലിടിച്ച് തീപിടിച്ചു; ചാലക്കുടിയില്‍ യുവാവ് മരിച്ചു

തൃശൂര്‍: ചാലക്കുടി ദേശീയ പാത പോട്ട ആശ്രമം സിഗ്നലില്‍ ബൈക്കില്‍ മിനി ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വി ആര്‍ പുരം ഞാറക്കല്‍ വീട്ടില്‍ അശോകന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 7.15ഓടെയായിരുന്നു സംഭവം. പാലക്കാട് ഭാഗത്തേക്ക് സോപ്പ് നിര്‍മ്മാണത്തിനുള്ള അമോണിയ കെമിക്കല്‍ കയറ്റിവന്ന ലോറിയാണ് ബൈക്കിലിടിച്ചത്. ആശ്രമം റോഡില്‍ നിന്നും ബൈക്കില്‍ ദേശീയപാതയിലേക്ക് അനീഷ് കയറുമ്പോഴായിരുന്നു അപകടം. ലോറിക്കടിയില്‍പെട്ട ബൈക്കിനെ 20മീറ്ററോളം വലിച്ചുകൊണ്ടുപോയി. അനീഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഇതിന് പിന്നാലെ മിനി ലോറിക്ക് തീപിടിക്കുകയും ചെയ്തു. ലോറി പൂര്‍ണ്ണമായും കത്തി നശിച്ചു. ലോറി ഡ്രൈവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചാലക്കുടിയില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. മരപ്പണിക്കാരനായ അനീഷ് ജോലിക്ക് പോകുന്ന വഴിയായിരുന്നു അപകടം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അനീഷ് അവിവാഹിതനാണ്. അമ്മ: പത്മിനി, സഹോദരങ്ങള്‍: അനി, അജീഷ്

Previous Post Next Post