ചരിത്രമെഴുതി അവർ തിരിച്ചെത്തി; കേരള ക്രിക്കറ്റ് ടീമിന് ഉജ്ജ്വല വരവേൽപ്പ്

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറി തലനാരിഴയ്ക്ക് കിരീടം നഷ്ടമായെങ്കിലും നാട്ടിൽ വന്നിറങ്ങിയ കേരള ടീമിനു വൻ വരവേൽപ്പ്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ടീമിന് ​ഗംഭീര സ്വീകരണം ഒരുക്കിയത്. കെസിഎ ചാർട്ടർ ചെയ്ത പ്രത്യേക വിമാനത്തിലാണ് ടീം രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയുമായി തിരുവനന്തപുരത്ത് ഇറങ്ങിയത്. എയർ എംബ്രെയർ വിമാനത്തിൽ ഇന്നലെ രാത്രി 10.00 മണിക്കു ശേഷമാണ് ടീം തിരുവനന്തപുരത്ത് എത്തിയത്.

ജയ് വിളിച്ചും സെൽഫിയെടുത്തും ആരാധകർ സ്വീകരണം കളറാക്കി. ഫൈനലിൽ വിദർഭയ്ക്കെതിരെ കേരളം 37 റൺസ് ലീഡ് വഴങ്ങിയതാണ് കിരീട നഷ്ടത്തിൽ നിർണായകമായത്. ഒന്നാം ഇന്നിങ്സിലെ ഈ ലീഡിന്റെ ബലത്തിലാണ് വിദർഭ മൂന്നാം രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്.

സന്തോഷവും ചെറിയൊരു നിരാശയും നിറഞ്ഞ നിമിഷമെന്നാണ് കിരീട നഷ്ടത്തെക്കുറിച്ച് ക്യാപ്റ്റൻ സച്ചിൻ ബേബി പ്രതികരിച്ചത്. റണ്ണേഴ്സ് അപ്പ് ആയതിൽ സങ്കടമുണ്ട്. എങ്കിലും എല്ലാ നല്ലതിനായിരിക്കാം. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. കപ്പുമായി ഇതിലും വലിയ അച്ചീവ്മെന്റോടെ തിരിച്ചു വരുമെന്നും ക്യാപ്റ്റൻ പ്രതികരിച്ചു.

ഫൈനലിൽ കിരീടം വിദർഭ സ്വന്തമാക്കിയെങ്കിലും കേരളത്തിന്റെ ഫൈനൽ പ്രവേശം ഭാവിയിലേക്കുള്ള പ്രചോദനമാണ്. ടീമിനെ നാട്ടിലേക്ക് കൊണ്ടു വരാൻ അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് കുമാർ എന്നിവർ നാ​ഗ്പുരിലെത്തിയിരുന്നു.

ഇന്ന് ഹയാത്ത് ഹോട്ടലിൽ വൈകീട്ട് 4നു അനുമോദന ചടങ്ങും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ്, കായിക മന്ത്രി അബ്ദുറഹിമാൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, പി രാജീവ്, എംഎൽഎമാർ പൗര പ്രമുഖർ പങ്കെടുക്കും.

Previous Post Next Post