ആശ വര്‍ക്കര്‍മാര്‍ രാജ്യത്തെ ആരോഗ്യരംഗത്തെ പോരാളികളാണ്. അവര്‍ക്ക് ദിവസം വെറും 232 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇത് കൃത്യമായി ലഭിക്കുന്നുമില്ല. ഇതേത്തുടര്‍ന്നാണ് അവര്‍ സമരത്തിലേക്ക് പോയത്. സംസ്ഥാനസര്‍ക്കാര്‍ അവരെ അധിക്ഷേപിക്കുകയാണ്. ആശ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ കേന്ദ്രം കേരളത്തെയും, കേരള സര്‍ക്കാര്‍ കേന്ദ്രത്തെയും പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥയാണ്. ആരാണ് ഈ വിഷയത്തില്‍ ഉത്തരവാദികള്‍ എന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് വ്യത്യസ്ത പ്രതിഫലമാണ് നല്‍കുന്നത്. തെലങ്കാനയും കര്‍ണാടകയും സിക്കിമും ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നു. പിന്നെ കേരളത്തിന് മാത്രം തടസ്സമെന്താണെന്നാണ് അവര്‍ ചോദിക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ ജോലിയിൽ നിന്നും വിരമിച്ചാൽ വെറും കയ്യോടെ പോകേണ്ട നിലയാണ്. ഇത് എന്തൊരു ജോലിയാണ്?. അവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ആശാവര്‍ക്കര്‍മാര്‍ക്ക് 21,000 രൂപയായി ശമ്പളം നിജപ്പെടുത്തണമെന്നും ആവശ്യമുന്നയിച്ചു.
ഓണറേറിയം വര്‍ധന, കുടിശ്ശിക വിതരണം ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തന്റെ മണ്ഡലത്തിലുള്‍പ്പെടുന്ന സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ സമരം നടത്തുകയാണെന്ന് ശശി തരൂര്‍ ലോക്‌സഭയില്‍ പറഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങളുടെ മൂല്യം വിലയിരുത്തി, ഉചിതമായ നടപടിയുണ്ടാകണം. ശമ്പളം വര്‍ധിപ്പിക്കുകയും, കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുകയും ചെയ്യണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. വി കെ ശ്രീകണ്ഠന്‍ എംപി മലയാളത്തിലാണ് ആശ വര്‍ക്കര്‍മാരുടെ വിഷയം സഭയില്‍ ഉന്നയിച്ചത്.
രാജ്യത്തെ ആശാവര്‍ക്കര്‍മാര്‍ നേരിടുന്ന പ്രതിസന്ധി വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ രേഖാ ശര്‍മ്മ രാജ്യസഭയിലും ഉന്നയിച്ചു. തൊഴിലിന്റെ പ്രാധാന്യം അനുസരിച്ചുള്ള വേതനം ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നില്ല. രാജ്യത്തെ ആശ വര്‍ക്കര്‍മാര്‍ക്ക് കുറഞ്ഞ വേതനവും തൊഴില്‍ അരക്ഷിതത്വവും നേരിടുന്നുണ്ട്. ഗ്രാമീണ -സാമൂഹ്യ ആരോഗ്യ പദ്ധതിയുടെ നട്ടെല്ലാണ് ആശ വര്‍ക്കര്‍മാര്‍. ആശ വര്‍ക്കര്‍മാരെ ദുരിതത്തിലേക്ക് തള്ളിവിടരുത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും രേഖ ശര്‍മ്മ ആവശ്യപ്പെട്ടു.