കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; സിഎംഎസ് കോളജ് മാനേജ്മെന്റുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ധാരണാപത്രം കൈമാറി

കോട്ടയം: സംസ്ഥാനത്തെ ക്രിക്കറ്റ് ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോട്ടയം സിഎംഎസ് കോളജ് മൈതാനവും. ബിസിസിഐ നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സിഎംഎസ് കോളജ് മാനേജ്മെന്റുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ബിസിസിഐ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മൈതാനം വരുന്നത് കോട്ടയത്തിനും അഭിമാന നിമിഷമാകും.


കരാര്‍ പ്രകാരം സിഎംഎസ് കോളജിന്റെ നിലവിലുള്ള ഗ്രൗണ്ട് 30 വര്‍ഷത്തേക്ക് കെസിഎയ്ക്ക് നല്‍കും. തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്സ് കോളജിലും ആലപ്പുഴയിലെ എസ്ഡി കോളജിലും കെസിഎ ഇത്തരത്തില്‍ മൈതാനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ ഉയര്‍ന്ന നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരു ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന്‍, സ്പ്രിംഗ്ലര്‍ സിസ്റ്റം, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിശീലന സൗകര്യങ്ങള്‍, ആധുനിക ജിംനേഷ്യം, ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയും ഉള്‍പ്പെടും. ഇതിന്റെ പദ്ധതി ചെലവ് 14 കോടി രൂപയാണ് കണക്കാക്കുന്നത്. രണ്ടാം ഘട്ട വികസനത്തില്‍ ഫ്‌ലഡ്ലൈറ്റുകള്‍ ഉണ്ടായിരിക്കും. ഡേ ആന്‍ഡ് നൈറ്റ് മത്സരങ്ങള്‍ നടത്തുന്നതിനാണിത്.


ഏപ്രില്‍ അവസാനത്തോടെ മൈതാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ സിഎംഎസ് ക്രിക്കറ്റ് സ്റ്റേഡിയം രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ബിസിസിഐ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് അനുയോജ്യമായ വേദിയാകും.

Previous Post Next Post