ഏറ്റുമാനൂർ : അഘോരമൂർത്തിയും അഭീഷ്ടവരദായകനും സർവ്വകലകളുടെയും നാഥനുമായ ഏറ്റുമാനൂരപ്പന്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. തന്ത്രിമുഖ്യൻ താഴ്മൺ മഠം ബ്രഹ്മശ്രീ കണ്ഠര് രാജീവര്, ബ്രഹ്മശ്രീ കണ്ഠര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ കാർമികത്വത്തിൽ വ്യാഴാഴ്ച ഉത്സവം കൊടിയേറി.
ഉത്സവത്തിന്റെ ആറാം ദിനമായ ഇന്ന് (ചൊവ്വാഴ്ച) രാവിലെ 7ന് ശ്രീബലി നടന്നു. പെരുവനം പ്രകാശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം ഇന്നത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പഞ്ചാരിമേളത്തിൽ 95ൽപ്പരം കലാകാരന്മാർ പങ്കെടുക്കും. വൈകീട്ട് 5ന് കാഴ്ചശ്രീബലി. തുടർന്ന് ഉദയനാപുരം ഹരിയും സംഘവും ചേർന്നവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം. കലാപരിപാടികളിൽ ഇന്ന് പ്രധാനമായ ചടങ്ങ് വൈകീട്ട് 9.30നുള്ള സംഗീതസദസ്സാണ്. ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യഅയ്യരാണ് വോക്കൽ.