എംപുരാന്‍ വിവാദം: മൗനം തുടര്‍ന്ന് മുരളിഗോപി

കൊച്ചി: 'എംപുരാന്‍' വിവാദത്തില്‍ നിശബ്ദതപാലിച്ച് തിരക്കഥാകൃത്ത് മുരളിഗോപി. ചിത്രത്തിലെ വിവാദ ഭാഗങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാലിന്റെ സാമൂഹികമാധ്യമക്കുറിപ്പ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവെച്ചെങ്കിലും മുരളിഗോപിയുടെ ഭാഗത്ത് നിന്ന് ഖേദം അറിയിച്ചുള്ള പ്രതികവരണം ഉണ്ടായില്ല. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാനും സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും പറയുന്നു.

തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളി പ്രതികരിക്കാത്തതെന്തെന്ന ചോദ്യവും ഉയരുന്നുണ്ട്. എംപുരാന്റെ മുംബൈയിലെ പ്രചാരണപരിപാടിയില്‍ മാത്രമാണ് മുരളി പങ്കെടുത്തതെന്ന വിവരവും ചര്‍ച്ചയാകുന്നുണ്ട്.'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയുടെ പേരില്‍ നേരത്തേ ഇടതുസംഘടനകളുടെ വിമര്‍ശനത്തിന് മുരളി വിധേയനായിരുന്നു.

അതേസമയം വിവാദഭാഗങ്ങള്‍ നീക്കം ചെയ്ത് എംപുരാന്‍ നാളെ പ്രദര്‍ശനത്തിന് എത്തിയേക്കും. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങള്‍ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉള്‍പ്പെടെ പൂര്‍ത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്‌റംഗിയുടെ പേര് ബല്‍രാജ് എന്ന് തിരുത്തിയേക്കും.

ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ഉണ്ടായെങ്കിലും പിന്നീടുള്ള ചര്‍ച്ചയില്‍ നിര്‍ണായകദൃശ്യങ്ങള്‍ മാത്രം ഒഴിവാക്കാര്‍ തീരുമാനമാകുകയായിരുന്നു.

Previous Post Next Post